എഡിറ്റര്‍
എഡിറ്റര്‍
പുതിയ തിരഞ്ഞെടുപ്പ് സഖ്യം ഉടന്‍ : സി.പി.ഐ.എമ്മില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാരാട്ട്
എഡിറ്റര്‍
Saturday 11th January 2014 1:58pm

karat2

കൊച്ചി: സി.പി.ഐ.എമ്മില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

സംസ്ഥാന പ്ലീനത്തിന് ശേഷവും സംഘടനാ പ്രശ്‌നം അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കാരാട്ട് പറഞ്ഞു.

കൊച്ചിയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായ പുതിയ സഖ്യം ഉടനെ രൂപീകരിക്കും. ഫെബ്രുവരിയോടെ പുതിയ സഖ്യം നിലവില്‍ വരും.

ഇടത് ബദലുമായി സഹകരിക്കുന്ന, വര്‍ഗീയതക്കെതിരായ 14 പാര്‍ട്ടികളുടെ യോഗം കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്നിരുന്നു. അവരുമായി സഹകരിച്ച് പുതിയ സഖ്യം നിലവില്‍ വരും.

വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത ഉറപ്പാക്കാനും കോണ്‍ഗ്രസ്  ബി.ജെ.പി ഇതര ബദലിനേ സാധ്യമാകൂ.  ബി.ജെ.പിയേയും നരേന്ദ്ര മോഡിയേയും ചെറുക്കുവാന്‍ കോണ്‍ഗ്രസിന് നിലവില്‍ സാധ്യമല്ലെന്നും കാരാട്ട് പറഞ്ഞു.

മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ബദല്‍ സഖ്യങ്ങള്‍ രൂപീകൃതമായതെങ്കില്‍ നിലവില്‍ അനുകുല പാര്‍ടികളുമായി കൂടുതല്‍ അടുത്ത ബന്ധമുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പിന് മുന്നേ സഹകരിച്ച് പ്രവര്‍ത്തിക്കാനാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചരണം ഉണ്ടാകില്ല. അതെല്ലാം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്ന കാര്യങ്ങളാണ്.

നേതാവിനെ നോക്കിമാത്രം വോട്ടു ചെയ്യുന്നവരല്ല ഭുരിപക്ഷം ജനങ്ങളും. അത് നരേന്ദ്ര മോഡിയായാലും രാഹുല്‍ ഗാന്ധിയായാലും. പാര്‍ട്ടികളുടെ നയങ്ങളും പ്രവര്‍ത്തനവുമാണ് തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുകയെന്നും കാരാട്ട് പറഞ്ഞു.

പാര്‍ട്ടി ഘടകത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ടി.പി വധം സംബന്ധിച്ച പാര്‍ട്ടിയുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ചുള്ള പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നും കാരാട്ട് പറഞ്ഞു.

ആം ആദ്മി ഇടത് പാര്‍ട്ടികള്‍ക്ക് ബദലല്ല. എന്നാല്‍ ദല്‍ഹിയില്‍ അവര്‍ നേടിയ വിജയം കുറച്ച്കാണുന്നില്ല. വന്‍ നഗരങ്ങളില്‍ സി.പി.ഐ.എം നയം മാറ്റേണ്ടതുണ്ട്. പൊതുവെ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നിന്നിരുന്ന മധ്യവര്‍ഗത്തെ കൂടെ കൂട്ടാന്‍ ആം ആദ്മിക്കായി.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ആം ആദ്മിയുടെ നയങ്ങളും പരിപാടികളും വ്യക്തമായിട്ടില്ല. അവ എങ്ങിനെ രൂപപ്പെടുമെന്ന് കാത്തിരിക്കുകയാണ്.

അടിസ്ഥാന രാഷ്ട്രീയം എന്തെന്ന് ആം ആദ്മി പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. അവരെ മറുമരുന്നായി എടുക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍ പങ്കെടുക്കാത്തവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് തെറ്റില്ലെന്നും കാരാട്ട് പറഞ്ഞു.

വിലക്കയറ്റമാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണ്.

സുപ്രീം കോടതിയും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിലപാടാണ് എടുത്തത്. പാര്‍ലമെന്റും ഇക്കാര്യത്തില്‍ തീരീമാനമെടുത്തിട്ടില്ല. ആധാറിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമാണുള്ളത്. പ്രതിഷേധം കൂടുതല്‍ വ്യാപകമാക്കണമെന്നും കാരാട്ട് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനോടോ പൂര്‍ണമായും യോജിക്കുന്നില്ല. കര്‍ഷകരേയും ജനങ്ങളേയും പരിഗണിച്ചുള്ളതാവണം റിപ്പോര്‍ട്ട്.

പശ്ചിമ ഘട്ടപ്രദേശത്തുള്ള ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരിസ്ഥിതിയെ കൂടുതല്‍ സംരക്ഷിക്കാനാകും. അവരുടെ പ്രശ്‌നങ്ങളും കണക്കിലെടുക്കുന്നതാകണം റിപ്പോര്‍ട്ടെന്നും കാരാട്ട് പറഞ്ഞു.

Advertisement