എഡിറ്റര്‍
എഡിറ്റര്‍
സെക്രട്ടറിമാര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തും; പ്രായമായിട്ടും നന്നായി പ്രവര്‍ത്തിക്കുന്നവരെ നിലനിര്‍ത്തും: കാരാട്ട്
എഡിറ്റര്‍
Thursday 5th April 2012 8:23pm

കോഴിക്കോട്: പശ്ചിമ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു വിട്ടുനില്‍ക്കുന്നത് അനാരോഗ്യം കാരണം മാത്രമാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തന്നെ പി.ബി.യില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടല്ല ബുദ്ധദേവ് പി.ബിയ്ക്ക് കത്തയച്ചത്. കൊല്‍ക്കത്തയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യാനുള്ള വിഷമം ചൂണ്ടിക്കാട്ടിയായിരുന്നു ബുദ്ധദേവിന്റെ കത്ത്. ഇത് സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. സി.സി. ബുദ്ധദേവിന് അവധി അനുവദിച്ചിട്ടുണ്ട്. ബുദ്ധദേവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള അഭ്യൂഹങ്ങളില്‍ മൂന്ന് ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്ന് കാരാട്ട് വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോയില്‍ തിരിച്ചെത്തുമോ എന്ന കാര്യം രണ്ട്,മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാനാകുമെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്താനുള്ള കാര്യം ചര്‍ച്ച ചെയ്യും. ഇതൊരു പുതിയ തീരുമാനമല്ല. സെക്രട്ടറിക്ക് മാത്രമല്ല, താഴേക്കിടയില്‍ വരെ ഇത് ബാധകമാക്കാനാണ് തീരുമാനമെന്നും കാരാട്ട് പറഞ്ഞു. ഇതു സംബന്ധിച്ച് ഏറെ നാളായി പല തരത്തിലുമുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. പാര്‍ട്ടിക്ക് സഹായകരമാകും എന്നതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഭാഗീയത ഒരു പൊതുപ്രശ്‌നമായി ഉയര്‍ന്നുവന്നില്ലെന്ന് കാരാട്ട് പറഞ്ഞു. ചില സ്ഥലങ്ങളില്‍ വിഭാഗീയത ഉണ്ടായിട്ടുണ്ട്. എന്നാലിത് പാര്‍ട്ടിയില്‍ വ്യാപകമല്ല. രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മീഡിയാ സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിഭാഗീയതയെപ്പറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച പോലും ചെയ്യില്ലെന്ന് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്.

പാര്‍ട്ടി ഭാരവാഹിത്വം സംബന്ധിച്ച് പ്രായപരിധി നിശ്ചയിക്കണമെന്ന ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചില പ്രതിനിധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നവീനമായ ആശയങ്ങളും രീതികളും ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ കാലത്തിനനുസരിച്ച് സജ്ജമാക്കുകയെന്നതാണ് പ്രായപരിധി മാനദണ്ഡം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ പ്രായമുള്ളവരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരെ വേണ്ടെന്ന് വെയ്ക്കാന്‍ പാര്‍ട്ടിയ്ക്കാവില്ല.

ബംഗാളിലെ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടും മറ്റും പാര്‍ട്ടിയ്ക്ക് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ബംഗാളിലെയോ കേരളത്തിലെയോ പാര്‍ട്ടി സംവിധാനങ്ങളെ മാത്രമായി കേന്ദ്രീകരിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല. ദേശീയ തലത്തിലുള്ള പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനാവാതെ പോയതാണ് നേരിയ വ്യത്യാസത്തില്‍ കേരളത്തില്‍ ഭരണം നഷ്ടമാവാന്‍ കാരണമായതെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക അരാജകത്വം എന്നിവ വര്‍ധിക്കുന്നുവെന്ന് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നെന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്. എന്നാല്‍ അധാര്‍മ്മികതയിലേക്ക് നീങ്ങുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്ന കാര്യമാണ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടതെന്ന് പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയം; 163 ഭേദഗതികള്‍ അംഗീകരിച്ചതായി കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തെതുടര്‍ന്ന് കരട് രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ടുമാണ് ഇതുവരെ അവതരിപ്പിക്കപ്പെട്ടത്. 3713 ഭേദഗതികളും 487 നിര്‍ദ്ദേശങ്ങളുമാണ് രാഷ്ട്രീയ പ്രമേയത്തിന്‍ മേല്‍ ഉയര്‍ന്നത്. പലസ്തീന്‍ വിഷയം, കര്‍ഷക ആത്മഹത്യയും കാര്‍ഷിക പ്രതിസന്ധിയും, തൊഴിലാളികളുടെ കരാര്‍വത്കരണം, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ച പ്രമേയങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.

രാഷ്ട്രീയ പ്രമേയ ചര്‍ച്ചയിലെ മോണിംഗ് സെഷനില്‍ പതിനാല് പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് ജി സുധാകരന്‍, പി കെ ബിജു എന്നിവര്‍ സംസാരിച്ചു. സ്റ്റാലിനെ തേജോവധം ചെയ്യാന്‍ ക്രൂഷ്‌ചേവ് ശ്രമിച്ചതോടെയാണ് സോവിയറ്റ് യൂണിയനില്‍ പാര്‍ട്ടിയുടെ പതനം തുടങ്ങിയതെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ പാര്‍ട്ടി ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന പരാമര്‍ശമാണ് പി കെ ബിജു നടത്തിയത്. അസിം ദാസ്ഗുപ്ത, മതിലാല്‍ സര്‍ക്കാര്‍, കെ സ്വാമിനാഥന്‍, ടി ജ്യോതി, അനന്ത ദേക, ജസ്വിന്ദര്‍ സിംഗ്, ജി വി ശ്രീരാമ റെഡ്ഡി, നര്‍സ്സയ്യ ആദം, ഹെത്രാം ബെനിവാള്‍, രഘുനാഥ് സിംഗ്, പുലിന്‍ ഭാസ്‌കെ, അനുരാഗ് സക്‌സേന എന്നിവരും രാവിലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയപ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഇന്നലെ രാത്രി വരെ തുടര്‍ന്നു.

Advertisement