കണ്ണൂര്‍: തന്നെക്കുറിച്ച് അമേരിക്കന്‍ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞതിനെക്കുറിച്ചുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി ആദ്യമായി പ്രതികരിച്ചു. തന്നെ പിടിച്ചുപറിക്കാരനായി വിശേഷിപ്പിച്ച അമേരിക്കയുടെ നിലപാടിനെ പ്രശംസയായി കാണുന്നുവെന്ന് പ്രകാശ് കാരാട്ട് കണ്ണൂരില്‍ പറഞ്ഞു.

അമേരിക്കയെക്കുറിച്ച് വിക്കിലീക്‌സ് നടത്തിയ വെളിപ്പെടുത്തലുകളില്‍ അത്ഭുതമില്ല. തന്നെ പിടിച്ചുപറിക്കാരനും കാര്‍ക്കശ്യക്കാരനുമായി വിശേഷിപ്പിച്ചത് പ്രശംസയായിട്ടാണ് കാണുന്നത്. അമേരിക്ക തന്നെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ എന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. പാറപ്രം സമ്മേളന വാര്‍ഷികമായി നിര്‍മ്മിച്ച മന്ദിരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കുകയും അവ പിടിച്ചുവാങ്ങുകയും ചെയ്യുന്ന കാര്‍ക്കശ്യക്കാരനായ നേതാവായാണ് അമേരിക്ക കാരാട്ടിനെ കാണുന്നതെന്നായിരുന്നു വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തിയത്.