ഏറണാകുളം: സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയ്‌ക്കെതിരായുള്ള പരാതി ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടതെന്ന് സി.പി.ഐ.എം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ലൈംഗിക പീഡനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. പരാതി നല്‍കിയ പരാതിനല്‍കിയ ആളുടെ ഉദ്ദേശശുദ്ധിയും പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി ഇക്കാര്യം ഗൗരവമായെടുത്തിട്ടുണ്ട്. ശശിയ്‌ക്കെതിരെയുള്ള പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ശശിയ്‌ക്കെതിരെയുള്ള പരാതി ലൈംഗിക പീഡനമെന്ന് പാര്‍ട്ടി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ശശിയ്‌ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ശശി അവധിയില്‍ പ്രവേശിക്കുകയാണെന്നാണ് പാര്‍ട്ടി അന്ന് നല്‍കിയിരുന്ന വിശദീകരണം.

സി.പി.ഐ.എം പോഷക സംഘടനയുടെ ജില്ലാ സെക്രട്ടറിയും ഭാര്യയും നല്‍കിയ പരാതിയും ജില്ലയിലെ ഒരു എം.എല്‍.എയുടെ മകള്‍ നല്‍കിയ പരാതിയുമാണ് ശശിക്കെതിരെ നടപടിക്ക് കാരണമായതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.