ന്യൂദല്‍ഹി: മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലാവും പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയെ ആര് നയിക്കണമെന്ന കാര്യം സംസ്ഥാന കമ്മറ്റി തീരുമാനിക്കുമെന്നും കാരാട്ട് ദല്‍ഹിയില്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുതവണ മല്‍സരിച്ചവര്‍ക്കും അവസരം നല്‍കുമെന്നും തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിപട്ടിക ഉടനേ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ മല്‍സരിച്ചവര്‍ക്കും അവസരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥിപട്ടിക എത്രയും പെട്ടെന്ന് പുറത്തിറക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

സംസ്ഥാന കമ്മറ്റികളാകും ആരെല്ലാം മല്‍സരിക്കണമെന്ന് തീരുമാനിക്കുക. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിനെതിരേ മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകുമെന്നും കാരാട്ട് പറഞ്ഞു.

ജയലളിതയുമായി സീറ്റുചര്‍ച്ചകള്‍ നടന്നുവരികയാണ്. സി.വി.സി വിഷയവും രണ്ടാംതലമുറ സ്‌പെക്ട്രം വിഷയവും കൂട്ടിവായിക്കണമെന്നും പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ജനദ്രോഹനടപടികളാണ് ഉള്ളതെന്നും കാരാട്ട് ആരോപിച്ചു. ബജറ്റ് കുത്തകകളെ ലക്ഷ്യംവെച്ചുള്ളതാണെന്നും സബ്‌സിഡി പണമായി നല്‍കുന്നത് ദൂരവ്യാപകഫലങ്ങളുണ്ടാക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.