ന്യൂദല്‍ഹി:മോദി ഭരണകാലത്ത് മുസ്‌ലിം ആകുകയെന്നതുപോലും കുറ്റമാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജസ്ഥാനില്‍ പെഹ്ലുഖാനും ഉത്തര്‍പ്രദേശില്‍ അഖ്‌ലാക്കും ജാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്‌ലൂമും ഇനായത്തുള്ള ഖാനും കൊല്ലപ്പെട്ടത് മുസ്‌ലീങ്ങളായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഇത്തരം വിദ്വേഷ ആക്രമണങ്ങളെ വിലകുറച്ചുകാണാനാണ് പൊലീസ് ശ്രമിച്ചതെന്നും കാരാട്ട് കുറ്റപ്പെടുത്തുന്നു. ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് കാരാട്ട് ഇക്കാര്യം പറയുന്നത്.

വിദ്വേഷ ആക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ഉദാഹരണ സഹിതം കാരാട്ട് ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.


Must Read: ‘ഈ ഭീകരത എന്റെ പേരിലല്ല’ ജനകീയ പ്രതിഷേധത്തിനു പിന്നില്‍ പാകിസ്ഥാനെന്ന് ടൈംസ് നൗ: ചാനലിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ


ബി.ജെ.പി ഭരിക്കുന്ന ഹരിയാന പൊലുള്ള സംസ്ഥാനങ്ങളില്‍ പൊലീസും ഭരണകൂടവും ഹിന്ദുത്വ ഗുണ്ടകളെയും ഗോസംരക്ഷകരെയും പിന്തുണയ്ക്കുകയാണ്. പെഹ്‌ലു ഖാന്‍ കേസില്‍ രാജസ്ഥാന്‍ പൊലീസ് അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ കന്നുകാലി കടത്ത് ആരോപിച്ച് കേസെടുക്കുകയാണ് ചെയ്തത്.

ഹരിയാനയില്‍ ട്രെയിനില്‍വെച്ച് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ജുനൈദ് കൊല്ലപ്പെട്ട സംഭവത്തിലും ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഹരിയാനയില്‍ പൊലീസ് പറയുന്നതാകട്ടെ തീവണ്ടിയില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ്. മുസ്‌ലിം ചെറുപ്പക്കാര്‍ അവരുടെ മതവ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവും തൊപ്പിയും ധരിച്ചിരുന്നുവെന്നതാണ് വസ്തുത. ഇതിനാല്‍ ബോധപൂര്‍വമായാണ് അക്രമികള്‍ ഈ യുവാക്കളെ ലക്ഷ്യമിട്ടതെന്ന വസ്തുതയാണ് പൊലീസ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്.’ അദ്ദേഹം വിശദീകരിക്കുന്നു.

അതിശക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചരണത്തിലൂടെയും പ്രതിരോധത്തിലൂടെയും മാത്രമേ ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ഈ വര്‍ഗീയ ആക്രമണങ്ങളോടുള്ള പ്രതികരണം രണ്ട് വിധത്തിലായിരിക്കണം. ഒന്നാമതായി ഹിന്ദുത്വ വലതുപക്ഷ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം സംഘടിപ്പിക്കണം. ഇതോടൊപ്പം ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും വേണം. ഈ ഉത്തരവാദിത്തം മുസ്‌ലിങ്ങളുടെമാത്രം ചുമലിലിടരുത്. ഈ കടമ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ നിര്‍ബന്ധമായും ഏറ്റെടുക്കണം’ അദ്ദേഹം പറയുന്നു.