manushyachangala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ നവ കൊളോണിയലിസത്തിന്റെ ഇടപെടലാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. കരാറിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുകയോ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. കരാറിലെ വ്യവസ്ഥകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒപ്പിട്ട ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് കരാറിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരെയും മത്സ്യബന്ധന തൊഴിലാളികളെയും ചെറുകിട വ്യവസായികളെയും ദോഷകരമായി ബാധിക്കുന്നതാണ് കരാറിലെ വ്യവസ്ഥകളെന്നും കരാറില്‍ നിന്നും ഇന്ത്യ അടിയന്തിരമായി പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസിയാന്‍ കരാറിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് മുന്നോടിയായി രാജ്ഭവന് മുന്നില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സി.പി.ഐ.എം പ്രവര്‍ത്തകരും അനുഭാവികളും മനുഷ്യച്ചങ്ങല തീര്‍ത്തു. ആസിയാന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി അഞ്ചു മണിക്കാണ് പ്രവര്‍ത്തകര്‍ ചങ്ങല തീര്‍ത്തത്. 30 ലക്ഷത്തോളം പേര്‍ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നുവെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. സി.പി.ഐ.എമ്മിന്റെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ശക്തിപ്രകടനം കൂടിയായിരുന്നു ആസിയാനെതിരെയുള്ള മനുഷ്യച്ചങ്ങല.
പ്രതീക്ഷിച്ചതിലപ്പുറത്താണ് മനുഷ്യച്ചങ്ങലയിലെ ജനപങ്കാളിത്തമെന്ന് നേതാക്കള്‍ പറഞ്ഞു. തേക്കടി ദുരന്തത്തിന്റെയും മഴയും കാരണം പരിപാടിക്ക് മങ്ങലേല്‍ക്കുമെന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും ജന പങ്കാളിത്തം മറിച്ചായിരുന്നു.

കാസര്‍ക്കോട്ട് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയുമായി.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍, എല്‍.ഡി. എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എന്നിവര്‍ തിരുവനന്തപുരത്തും എം. എ. ബേബി, പി.കെ. ഗുരുദാസന്‍, എന്നിവര്‍ കൊല്ലത്തും തോമസ് ഐസക് ആലപ്പുഴയിലും കോടിയേരി ബാലകൃഷ്ണന്‍, എം.സി. ജോസഫൈന്‍ എന്നിവര്‍ എറണാകുളത്തും ടി. ശിവദാസമേനോന്‍, എ.കെ. ബാലന്‍ എന്നിവര്‍ പാലക്കാട്ടും പാലൊളി മുഹമ്മദ്കുട്ടി, എ.വിജയരാഘവന്‍ എന്നിവര്‍ മലപ്പുറത്തും, എളമരം കരീം, വി.വി.ദക്ഷിണാമൂര്‍ത്തി എന്നിവര്‍ കോഴിക്കോട്ടും പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ എന്നിവര്‍ കണ്ണൂരിലും പി.കരുണാകരന്‍ കാസര്‍ക്കോട്ടും ചങ്ങലയില്‍ കണ്ണികളായി.

പി.ടി.കുഞ്ഞുമുഹമ്മദ്, കെ.ആര്‍. മോഹന്‍, ശാന്താദേവി, യു.എ. ഖാദര്‍, പോള്‍ കല്ലാനോട്, പ്രഭാവര്‍മ്മ, ചെറിയാന്‍ ഫിലിപ്പ്, പ്രഭാത് പട്‌നായിക് തുടങ്ങിയവരും വിവിധ സ്ഥലങ്ങളില്‍ ചങ്ങലയില്‍ കണ്ണികളായി.