എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തിയത് പ്രത്യേക പരിഗണന നല്‍കി:പ്രകാശ് കാരാട്ട്
എഡിറ്റര്‍
Tuesday 10th April 2012 11:52am

കോഴിക്കോട്:   പ്രത്യേക പരിഗണന നല്‍കിയാണ് വി. എസിനെകേന്ദ്രകമ്മറ്റിയില്‍ നിലനിര്‍ത്തിയതെന്ന്  സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുതിര്‍ന്ന സി.പി.എം അംഗം വി.എസ് അച്യുതാനന്ദനെ പാര്‍ട്ടി ബോധപൂര്‍വ്വം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താതിരുന്നതാണെന്ന മാധ്യമപ്രചാരണങ്ങള്‍ അഭ്യൂഹം മാത്രമാണെന്നും കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി അച്ചടക്ക ലംഘനമല്ല വി.എസിനെ പി.ബിയില്‍ പരിഗണിക്കാതിരിക്കാന്‍ കാരണം. വി.എസിനെ നേരത്തെ പുറത്താക്കാന്‍ കാരണമായ അച്ചടക്ക ലംഘനം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. താരതമ്യേന പ്രായം കുറഞ്ഞ നേതാക്കള്‍ക്ക് പി.ബിയില്‍ സ്ഥാനം നല്‍കുന്നതിനായാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിച്ചത്. ആരോഗ്യപ്രശ്‌നമുള്ളവരേയും പ്രായമായവരേയും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കേരള രാഷ്ട്രീയത്തിലെ പ്രത്യേക പരിഗണന വച്ച് വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിറുത്താനാണ് പാര്‍ട്ടി തീരുമാനിച്ചത്. അല്ലാതെ വി.എസിനെ പാര്‍ട്ടി ഒരു തരത്തിലും അവഗണിച്ചിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.

വി.എസ് പ്രതിപക്ഷസ്ഥാനത്തും നിയമസഭാകക്ഷിനേതാവായും തുടരുമെന്നും കാരാട്ട് വ്യക്തമാക്കി.

പ്രായം ഒരു മാനദണ്ഡമല്ലെങ്കിലും സി.പി.ഐ.എമ്മിന്റെ നേതൃനിരയില്‍ ഉള്‍പ്പെടാനുള്ള വിവിധ ഘടകങ്ങളുടെ കൂട്ടത്തില്‍ പ്രായവും പരിഗണിക്കപ്പെടും. മൂന്ന് തവണയില്‍ കൂടുതല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ പാടില്ലെന്ന ചട്ടം വരുമ്പോള്‍ സ്വാഭാവികമായും ചില മാറ്റങ്ങള്‍ ജില്ലാ കേന്ദ്ര കമ്മിറ്റികളിലും ഉണ്ടാവും.

ഭാവിയില്‍ വി.എസ് പി.ബിയില്‍ എത്തുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വി.എസ് പങ്കെടുക്കാത്തതിന് കാരണമെന്താണെന്ന് അറിയില്ലെന്നും വേദിയിലെത്തിയ ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു.

പാര്‍ട്ടിക്ക് കേരളത്തില്‍ പറയത്തക്ക വിഭാഗീയത ഇല്ലെന്നും അതൊരു പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement