ന്യൂദല്‍ഹി: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം തുടരുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നിബന്ധനകളോടെയുള്ള വിദേശ നിക്ഷേപമാവാമെന്നും കാരാട്ട് പറഞ്ഞു. സി.പി.ഐ.എം നേതാക്കള്‍ യു.എസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്.

നിബന്ധനകളോടെയുള്ള വിദേശ നിക്ഷേപത്തിന് സി.പി.ഐ.എം എതിരല്ല. ഇത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടാണ്. മെച്ചപ്പെട്ട ഉല്പാദനം, സാങ്കേതിക വിദ്യ, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്ക്കുവേണ്ടി വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉന്നതവിദ്യാഭ്യാസം, മാധ്യമേഖല തുടങ്ങിയവയില്‍ വിദേശ നിക്ഷേപത്തെ  പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി കേരളമുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളും നടത്തി കൂടിക്കാഴ്ചയ്ക്കുപിന്നില്‍ യാതൊരു ദുരുദ്ദേശവുമില്ല. ഐ.ടി, ടൂറിസം, ബയോടെക്‌നോളജി തുടങ്ങിയ മേഖലകള്‍ നിക്ഷേപമാവാം എന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ല. വി.എസ് അച്യുതാനന്ദന്‍ യു.എസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത് മാധ്യമങ്ങളുടെ അറിവോടുകൂടി തന്നെയാണ്. ഇതില്‍ യാതൊരു രഹസ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും അമേരിക്കയോടുള്ള സി.പി.ഐ.എമ്മിന്റെ സാമ്രാജ്യത്വവിരുദ്ധ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.