എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിനെ മാറ്റുന്ന കാര്യം അറിയില്ല: പ്രകാശ് കാരാട്ട്
എഡിറ്റര്‍
Wednesday 13th February 2013 3:49pm

ന്യൂദല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി.എസ് അച്യുതാനന്ദനെ മാറ്റുന്ന കാര്യം അറിയില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

Ads By Google

ഇത് സംബന്ധിച്ച് സംസ്ഥാനഘടകത്തിന്റെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. വി.എസിനെ മാറ്റുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ല. അങ്ങനെയൊരു തീരുമാനം വന്നതായി തോന്നുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

ഈ മാസം പോളിറ്റ് ബ്യൂറോ ചേരാന്‍ ഉദ്ദേശിച്ചിട്ടില്ല. കേന്ദ്രകമ്മിറ്റി ചേരുന്ന കാര്യം പി.ബി തീരുമാനിക്കുമെന്നും കാരാട്ട് പറഞ്ഞു.

ഈ മാസം 20നും 21നും അടിയന്തര പി.ബി വിളിച്ചിട്ടുണ്ടെന്ന മാധ്യമ വാര്‍ത്ത തെറ്റാണെന്ന് കാരാട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കണമെന്ന പ്രമേയം സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകരിച്ചിരുന്നു. ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം രംഗത്ത് എത്തിയ വി.എസിനെതിരേ കടുത്ത നടപടി വേണമെന്ന പ്രമേയമാണ് സംസ്ഥാന സമിതി അംഗീകരിച്ചത്.

ഫെബ്രുവരി നാലിന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചതോടെ തുടര്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വത്തിന് അയച്ചുകൊടുക്കും.

ലാവലിനില്‍ അഴിമതിയില്ല എന്ന് പാര്‍ട്ടി വ്യക്തമാക്കിയതാണ്. തുടര്‍ന്നും വി.എസ് സ്വീകരിക്കുന്ന പരസ്യനിലപാട് പാര്‍ട്ടി തീരുമാനത്തോടുള്ള അവഹേളനമായാണ് പ്രമേയം വിലയിരുത്തുന്നത്. വി.എസിന്റെ അഭാവത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം അംഗീകരിച്ചത്.

തനിക്കെതിരെ ഏകപക്ഷീയമായി തയ്യാറാക്കിയ പി. കരുണാകരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയാതെ നേതൃയോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് വി.എസിന്റെ നിലപാട്. ഇത് അറിയിച്ച് വി.എസ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. അടുത്ത കേന്ദ്ര കമ്മിറ്റി നടക്കുന്നതുവരെ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Advertisement