എഡിറ്റര്‍
എഡിറ്റര്‍
പി. കരുണാകരന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് പ്രകാശ് കാരാട്ട്
എഡിറ്റര്‍
Friday 25th January 2013 11:38am

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കുറ്റപ്പെടുത്തുന്ന പി. കരുണാകരന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

Ads By Google

അത്തരമൊരു റിപ്പോര്‍ട്ട് ഇല്ലെന്നും അതിനെ കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന സമിതിയോഗത്തിന് ശേഷം ദല്‍ഹിയില്‍ മടങ്ങിയെത്തിയ അദ്ദേഹം എ.കെ.ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരായി വി.എസ് രഹസ്യ നീക്കം നടത്തിയെന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ പി.കരുണാകരന്‍ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന സമിതിയില്‍ വയ്ക്കുകയും തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

സംസ്ഥാന ഘടകത്തിന്റെ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റി പരിഗണനയ്‌ക്കെടുക്കുന്നതുവരെ ഇതു സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെയും സുപ്രീംകോടതി ജഡ്ജിമാരെയും സന്ദര്‍ശിച്ചുവെന്നും വി.എസിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് എത്തിയത്.

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ വി.എസ് കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണന്‍, എച്ച്.എല്‍. ദത്തു, വി.കെ ബാലി എന്നിവരുമായും വി.എസ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

എന്നാല്‍ കേസില്‍ താന്‍ അന്യായമായി ഇടപെട്ടുവെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ജനം പുച്ഛിച്ചു തള്ളുമെന്നാണ് വി.എസ് അച്യുതാനന്ദന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്.  അതിനിടെ താന്‍ ഇടപെട്ടു എന്ന് പറഞ്ഞാല്‍ വല്ല വാസ്തവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഈ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഇടപെട്ട് മാറ്റിവെച്ചിരുന്നുവെന്നും തനിക്കെതിരായ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കില്ലെന്നും വി.എസ് പറഞ്ഞിരുന്നു.

വി.എസ് കേന്ദ്ര കമ്മറ്റിയംഗമായതിനാല്‍ തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് കേന്ദ്രകമ്മറ്റിക്ക് കൈമാറാനാണ് സംസ്ഥാന നേതൃത്വം ഇന്നലെ തീരുമാനിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കാരാട്ടിനോട് ഇക്കാര്യമാരാഞ്ഞത്.

Advertisement