ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ ചില കാര്യങ്ങള്‍ സംഭവിക്കുമെന്നും അത് എന്താണെന്ന് അപ്പോള്‍ പറയാമെന്നും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാരാട്ട് പറഞ്ഞു.

Ads By Google

രാജ്യത്തെ പുതിയ സഹാചര്യങ്ങളില്‍ അധികാരത്തില്‍ തുടരാന്‍ മന്‍മോഹന്‍ സിങ്ങിന് അധികാരമില്ല. അമേരിക്കക്ക് നല്‍കിയ ഉറപ്പുകളാണ് രാജ്യത്തെ ജനങ്ങളോടുള്ള ബാധ്യതകളേക്കാള്‍ മന്‍മോഹന്‍സിങ്ങിന് വലുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചില്ലറ വില്‍പന രംഗത്തെ വിദേശ നിക്ഷേപം പാര്‍ലമെന്റില്‍ എല്ലാവരും എതിര്‍ത്തതാണ്. ഇതുമായി സര്‍ക്കാര്‍ മുന്നോട്ട് പോവരുത്. ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അടക്കമുള്ള കേന്ദ്ര സര്‍ക്കാറിന്റെജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതില്‍ കോണ്‍ഗ്രസ് നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം ലംഘിക്കുകയാണ് ചെയ്തതെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. പ്രണാബ് മുഖര്‍ജി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വകക്ഷിസമ്മതത്തോടെ മാത്രമേ ഈ തീരുമാനം നടപ്പാക്കൂവെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നതാണെന്നും അവര്‍ വ്യക്തമാക്കി.