ന്യൂദല്‍ഹി: നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിന്റെ രാജിയെക്കുറിച്ച് പിണറായി വിജയനോട് ചോദിക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാവിലെ ദല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ രാജിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പിണറായി വിജയന്‍ ദല്‍ഹിയില്‍ ഉണ്ടല്ലോ നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കൂ’- ഇതായിരുന്നു കാരാട്ടിന്റെ മറുപടി. കൂടതലൊന്നും പറയാതെ കാരാട്ട് അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. പി.ബിയില്‍ ശെല്‍വരാജിന്റെ രാജി ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം കാലുമാറ്റ രാഷ്ട്രീയത്തിലൂടെ യു.ഡി.എഫ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും പാര്‍ലമെന്ററി ജനാധിപത്യത്തെ കുരുതികഴിച്ചിരിക്കുകയാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് എം.എല്‍ .എയുടെ രാജി.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ ഏറ്റവും കുല്‍സിതമായ കാലുമാറ്റ രാഷ്ട്രീയം സംഘടിപ്പിച്ച്  സര്‍ക്കാരിനെ രക്ഷിക്കാമെന്നാണ്  ഉമ്മന്‍ചാണ്ടിയുടെ ചിന്ത.  കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളതുകൊണ്ട് അതിനെ മറികടക്കാനാണ് എം.എല്‍ .എയെ  പ്രലോഭിപ്പിച്ച് രാജിവെപ്പിച്ചത്.  മുഖ്യമന്ത്രി  രാഷ്ട്രീയ ഗൂഢാലോചനയില്‍ പങ്കാളിയായി.  മുന്‍  പ്രധാനമന്ത്രി നരസിംഹറാവു  നടത്തിയ കാലുമാറ്റ രാഷ്ട്രീയം കേരളത്തില്‍ ഉമ്മന്‍ചാണ്ടി പകര്‍ത്തിയിരിക്കയാണ്.

കാലുമാറ്റക്കാരെ ഉള്‍പ്പെടുത്തുന്ന ചാക്കുകൊണ്ട് സ്വന്തം സര്‍ക്കാരിന് ഈടുനല്‍കാമെന്ന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം പ്രബുദ്ധകേരളം തള്ളും. പിറവം ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതിയുടെ  പശ്ചാത്തലത്തിലാണ് എം.എല്‍ .എയെ കൂറുമാറ്റി രാജിവെപ്പിച്ചത്.

സി.പി.എമ്മും എല്‍.ഡി.എഫും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്ന സന്ദശേം ഈ സംഭവം നല്‍കുന്നു.  പിറവത്ത് വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വന്‍തോതില്‍ യു.ഡി.എഫ് പണമൊഴുക്കും. ഇതിനെതിരായ ജാഗ്രത എല്‍ .ഡി.എഫ് കാട്ടണം. ഒപ്പം വോട്ടര്‍മാരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും വേണമെന്നും പിണറായി പറഞ്ഞു.