തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചു നീക്കിയതില്‍ തെറ്റില്ലെന്ന് സി.പി.ഐ. നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചശേഷമാണ് ഭീമന്‍ കുരിശ് പൊളിച്ചുമാറ്റിയതെന്നും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. 14 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. പലതവണ കുരിശ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ചെയ്യാതായതോടെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് കഴിഞ്ഞദിവസം കുരിശ് പൊളിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.


Must Read: നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍ 


കുരിശ് പൊളിച്ചുമാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഭൂമി കയ്യേറിയാണ് കുരിശ് നിര്‍മ്മിച്ചതെങ്കില്‍ ക്രൈസ്തവ സഭകളുമായി ഇക്കാര്യം സംസാരിക്കുകയും അവരോട് തന്നെ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമായിരുന്നു പ്രകാശ് ബാബുവിന്റെ പരാമര്‍ശം.

ഇക്കാര്യത്തില്‍ റവന്യൂവകുപ്പ് സര്‍ക്കാറിന്റെ അഭിപ്രായം തേടിയില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും പ്രകാശ് ബാബു മറുപടി നല്‍കി. ‘ റവന്യൂ വകുപ്പിലെ എല്ലാ കാര്യവും അറിയണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം മാത്രമാണ്. ഭരണത്തില്‍ അത് സാധ്യമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

റവന്യൂ വകുപ്പ് വളരെ വലിയ വകുപ്പാണ്. ആ വകുപ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ അനുവാദത്തോടെയേ ചെയ്യാന്‍ കഴിയൂവെന്നത് സാധ്യമായ കാര്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിക്കുകയെന്നത് സര്‍ക്കാര്‍ നയമായിരുന്നു. സര്‍ക്കാര്‍ നയം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.