വിജയവാഡ: ദേശീയതലത്തില്‍ ഒരൊറ്റ അടവുനയം എന്നത് സ്വീകാര്യമല്ലെന്ന് വിശാല കേന്ദ്രകമ്മറ്റിയോഗത്തില്‍ ബംഗാള്‍ ഘടകം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് അടവുനയം സ്വീകരിക്കാനുളള അധികാരം സംസ്ഥാന ഘടകത്തിന് നല്‍കണമെന്നും ബംഗാള്‍ ഘടകം അവശ്യപ്പെട്ടു. സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കാനെടുത്ത തീരുമാനം വിവേക രഹിതവും തിടുക്കത്തിലുളളതുമായിരുന്നും ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിലും ബശ്ചിമ ബംഗാളിലും തിരഞ്ഞെടുപ്പിലേറ്റ പരാജയം പാര്‍ട്ടിയുടെ പരാജയമല്ലെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബംഗാളില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു തൃണമൂല്‍ കോണ്‍ഗ്രസാണ്. ബംഗാളില്‍ കോണ്‍ഗ്രസ് ചെറിയ ശക്തി മാത്രമാണെന്നും വിജയവാഡയില്‍ പാര്‍ട്ടി വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗ വേദിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനത്തിന് ഭൂമി ആവശ്യമായി വന്നാലും കര്‍ഷകരുടെ അനുവാദമില്ലാതെ ഏറ്റെടുക്കില്ല. കേരളത്തില്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിക്കെതിരെയുള്ള കേസ് ബി ജെ പിയുടെ വര്‍ഗീയ നയത്തിന്റെ ഭാഗമായുള്ളതാണെന്ന് കരുതുന്നില്ല.

സ്‌ഫോടനക്കേസിലാണ് മഅദനിയെ പ്രതിചേര്‍ത്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരും.രാഷ്ട്രീയവും നയപരവുമായ കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തും. വി എസ് അച്ച്യുതാനന്ദനെ പി ബിയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് സംഘടനാ കാര്യങ്ങള്‍ കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യാറില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ചേര്‍ന്ന് റാലിനടത്തുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണെന്ന് വ്യക്കതമാക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.