sreemathi-teacherകാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പ്രജിതയ്ക്ക് ചികില്‍സ് നിഷേധിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രജിതയെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ചോദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഇന്നലെയാണ് ഗുരുതരാവസ്ഥയിലായ പ്രജിതയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍ അവധിയിലാണെന്നും വീട്ടില്‍ചെന്ന് അനുമതി വാങ്ങണമെന്നും ആശുപത്രി അധികൃതര്‍ പ്രജിതയുടെ അമ്മ ജയന്തിയോടു പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ ജയന്തിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുകയും ആശുപത്രിയില്‍ കുട്ടിയെ അഡ്്മിറ്റ് ചെയ്യാന്‍ പറയുകയും ചെയ്തു.

4 മണിയോടുകൂടി ആശുപത്രിയിലെത്തിച്ച പ്രജിതയെ രാത്രി 8 മണിവരെ ആരും പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ പ്രജിതയുടെ നില കൂടുതല്‍ വഷളാവുകയും 8 മണിയോടുകൂടി മരണപ്പെടുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു.