ന്യൂഡല്‍ഹി: പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നാളെ ജോലിക്കെത്തണമെന്നും അല്ലെങ്കില്‍ നടപടിക്ക് വിധേയരാകേണ്ടി വരുമെന്നും കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍. ജോലിക്ക് ഹാജരാകാത്ത പൈലറ്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടായിരിക്കും. ശമ്പളം കുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കാര്യങ്ങള്‍ വിശാലമായ തലത്തില്‍ ജീവനക്കാര്‍ മനസിലാക്കണം. രാജ്യത്തിന്റെ അഭിമാനമാണ് എയര്‍ ഇന്ത്യ.

ഇപ്പോഴെടുത്ത ചെലവ് ചുരുക്കല്‍ നടപടി എയര്‍ ഇന്ത്യക്ക് ഒഴിവാക്കാനാകാത്തതാണ്. ഇതു കമ്പനിയെ രക്ഷിക്കുന്നതിനാണ്. നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സര്‍ക്കാരിന്റെ ശ്രമങ്ങളുമായി എല്ലാ ജീവനക്കാരും സഹകരിക്കണം. പൈലറ്റുമാര്‍ എത്രയുംവേഗം സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എല്ലാ വിമാനക്കമ്പനികളും പ്രതിസന്ധി നേരിടുകയാണ്. എയര്‍ ഇന്ത്യയെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എയര്‍ ഇന്ത്യയെ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. പൈലറ്റുമാരുടെ ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. എയര്‍ ഇന്ത്യയെ ഓഹരി വിറ്റഴിക്കല്‍ അടക്കമുള്ള നടപടികളില്‍നിന്ന് ഒഴിവാക്കിയത് യു.പി.എ സര്‍ക്കാരാണ്. വിമാനക്കമ്പനിയെ ശക്തമാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.