പ്രഭുദേവയെ നയന്‍താരയ്ക്ക് വിട്ടുകൊടുക്കാന്‍ റംലത്ത് വാങ്ങിയത് മുപ്പതുകോടിയുടെ സ്വത്തുക്കളാണെന്ന് സൂചന. നടി നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭുദേവ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ റംലത്ത് കോടതിയെ സമീപിച്ചു. കോടതി നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് റംലത്ത് വിവാഹമോചനത്തിന് തയ്യാറാണെന്നറിയിച്ചത്.

റംലത്തിന്റെയും പ്രഭുദേവയുടേയും പ്രണയവിവാഹമായിരുന്നു. പ്രഭുവിന്റെ ഡാന്‍സ് ട്രൂപ്പിലുണ്ടായിരുന്ന റംലത്തിനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട്.

കഴിഞ്ഞ ദിവസമാണ് വിവാഹമോചനത്തിന് റംലത്ത് തയ്യാറായത്. തുടര്‍ന്ന് പ്രഭുദേവയോടൊത്ത് കോടതിയിലെത്തി വിവാഹ മോചന കരാര്‍ ഒപ്പിട്ടു. വിവാഹമോചനത്തിനായി നല്‍കിയ രേഖയിലാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളുള്ളത്. അണ്ണാനഗറില്‍ 3440 ചതുരശ്രയടി ഭൂമി, കോയമ്പേടില്‍ വീടുള്‍പ്പെടെ 1000 ചതുരശ്രയടി ഭൂമി, രണ്ട് ഇന്നോവ കാറുകള്‍ എന്നിവയാണ് ആസ്തിയായി റംലത്തിന് നല്‍കുക.

ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ചെലവും പ്രഭുവേവയ്ക്കായിരിക്കും. ഇഞ്ചമ്പക്കത്തുള്ള വീട് മക്കള്‍ക്ക് എഴുതിക്കൊടുക്കും. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ഇവിടെ നിന്നുള്ള വരമാനം റംലത്തിനും ലഭിക്കും. പ്രായപൂര്‍ത്തിയായാല്‍ ഉടമസ്ഥാവകാശം കുട്ടികള്‍ക്കായിരിക്കും.

വിവാഹമോചനം ലഭിക്കുന്നതോടെ, പ്രഭുദേവ നയന്‍താര വിവാഹം ഉടനുണ്ടാകും.