Administrator
Administrator
പ്രഭുദയ കസ്റ്റഡിയില്‍: മലയാളിയായ സുഗതന്‍ ഒന്നാം പ്രതി
Administrator
Thursday 8th March 2012 12:51am

ആലപ്പുഴ: അറബിക്കടലില്‍ ആലപ്പുഴ തീരത്തു മത്സ്യബന്ധനബോട്ട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ ‘എം.വി. പ്രഭുദയ’ എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ കസ്റ്റഡിയിലെടുത്തു. കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ തിരുവനന്തപുരം അമ്പലമുക്ക് മുല്ലശേരി സ്വദേശി പ്രശോഭ് സുഗതനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

കപ്പലിന്റെ കസ്റ്റഡി ചെന്നൈ പോര്‍ട്ടിലെ മറൈന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. എമിഗ്രേഷന്‍ വകുപ്പിന്റെയും പോലീസിന്റെയും കോടതിയുടെയും അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് കപ്പല്‍ വിട്ടു പോവാനാവില്ലെന്ന് പോലീസ് പറഞ്ഞു. കേസെടുത്തത് അമ്പലപ്പുഴയിലാണെന്നതിനാല്‍ കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുപോവുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ചെന്നൈയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പരിശോധന നടത്തിയ ആലപ്പുഴ ഡിവൈ.എസ്.പി: കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രശോഭടക്കം മൂന്നുപേരെ പ്രതികളാക്കിയാണു കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്കു കപ്പല്‍ കസ്റ്റഡിയിലെടുത്തു. ക്യാപ്റ്റന്‍ വിശാഖപട്ടണം സ്വദേശി പെരേര ഗോള്‍ഡന്‍ ചാള്‍സ്, ജീവനക്കാരന്‍ മയൂര്‍ എന്നിവരാണു മറ്റു പ്രതികള്‍. മൂവരെയും അറസ്റ്റ് ചെയ്യാന്‍ നടപടി ആരംഭിച്ചതായി ഡിവൈ.എസ്.പി. പറഞ്ഞു.

അതിനിടെ ഇലക്‌ട്രോണിക് ഡാറ്റയുടെ വിശകലനവും പ്രഭുദയ തന്നെയാണ് പ്രതിയെന്നാണ് വ്യക്ത മാക്കുന്നതെന്ന് ചെന്നൈ മര്‍ക്കന്റൈല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഡോ. പി. മിശ്ര പറഞ്ഞു. പൂര്‍ണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചി എം.എം.ഡി. ക്ക് കൈമാറും. തുടര്‍ന്ന് ഇത് ഡി.ജി. ഷിപ്പിങ്ങിന് നല്‍കും ഡോ. മിശ്ര പറഞ്ഞു.

കപ്പലിലെ ക്യാപ്റ്റന്‍ പെരേര ഗോര്‍ഡന്‍ ചാള്‍സിനെ അറസ്റ്റുചെയ്യാനും ആലോചിക്കുന്നുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘത്തെ നയിക്കുന്ന ഡി വൈ.എസ്.പി. കെ. മഹേഷ്‌കുമാര്‍ പറഞ്ഞു. അന്വേഷണസംഘവുമായി ക്യാപ്റ്റനും മറ്റ് ജീവനക്കാരും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ നിലപാട്.

അപകടം നടന്ന മാര്‍ച്ച് ഒന്നിനു രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ കപ്പലിന്റെ നിയന്ത്രണവും നിരീക്ഷണച്ചുമതലയും പ്രശോഭിനായിരുന്നെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഇയാളെ ഒന്നാം പ്രതിയാക്കിയത്. അപകടത്തിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്ന ഭീതിയിലാണു പ്രശോഭ് കടലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശോഭിനെ ചെന്നൈയിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ നീക്കമാരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ത്തല അന്ധകാരനഴിക്കു സമീപം ബോട്ടിലിടിച്ചത് എംവി പ്രഭുദയ തന്നെയാണെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ഡിവൈഎസ്പി: കെ. മഹേഷ്‌കുമാര്‍ അറിയിച്ചു. ബോട്ടിലിടിച്ചതിന്റെ അടയാളങ്ങള്‍ വെള്ളത്തിനു മുകളിലുള്ള ഭാഗത്തു തന്നെ കാണാനുണ്ട്. നാവികസേനാ ഡൈവര്‍മാര്‍ വെള്ളത്തിനടിയില്‍ നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

കപ്പലിന്റെ മുന്‍ഭാഗത്തും ഇടതു വശത്തുമായി നാലു മീറ്ററോളം നീളത്തിലുള്ള അടയാളങ്ങള്‍ ബോട്ടുമായുള്ള കൂട്ടിയിടിയില്‍ സംഭവിച്ചതാണെന്നു ചില ജീവനക്കാര്‍ സമ്മതിക്കുകയും ചെയ്തത്രെ. അപകടശേഷം കപ്പലിലെ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ രേഖപ്പെടുത്തിയ സന്ദേശങ്ങളില്‍ ബോട്ടില്‍ ഇടിച്ചതിന്റെ സൂചനകളുണ്ട്.

Malayalam news

Kerala news in English

 

Advertisement