ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് ഡയറക്ടര്‍മാരിലൊരാളായ പ്രഭുദേവ രണ്ടാമത്തെ ഹിന്ദിച്ചിത്രത്തിന്റെ പണിപ്പുരയിലാണ്. തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായ വിക്രമാര്‍ക്കുഡുവിന്റെ റീമേക്കുമായാണ് പ്രഭുദേവ വീണ്ടും ബോളിവുഡിലെത്തുന്നത്. റൗഡി റാത്തോഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറാണ് നായകന്‍. സോനാക്ഷി സിന്‍ഹയാണ് നായികാവേഷത്തിലെത്തുന്നത്. സഞ്ജയ് ലീല ഭന്‍സാലി, റോണി, ഷബിനാ ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തെന്നിന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവയുടെ ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്ക് നൃത്തച്ചുവടുകളൊരുക്കിയിരിക്കുന്നത് സരോജ് ഖാന്‍ ആണ്.

ഇടവേളയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയതുപോലെയാണ് ഈ സിനിമയില്‍ തന്റെ കഥാപാത്രമെന്ന് നായകന്‍ അക്ഷയ് കുമാര്‍ പറയുന്നു. ഒരിടവേളയ്ക്കുശേഷമാണ് തന്നെത്തേടി ആക്ഷന്‍ കഥാപാത്രങ്ങളെത്തുന്നതെന്നുമ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡില്‍ പ്രഭുദേവയുടെ രണ്ടാമത്തെ സംവിധാനസംരംഭമാണ് റൗഡി റാത്തോഡ്. ഇതിനു മുമ്പ് തന്റെതന്നെ തമിഴ് ചിത്രമായ പോക്കിരി, സല്‍മാന്‍ ഖാനെ നായകനാക്കി വാണ്ടഡ് എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു.

രവി തേജ പ്രധാനവേഷത്തിലെത്തിയ വിക്രമാര്‍ക്കുഡു തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. കാര്‍ത്തിയെ നായകനാക്കി സിരുത്തൈ എന്ന പേരില്‍ ഈ ചിത്രം തമിഴിലും റീമേക്ക് ചെയ്തിരുന്നു.