എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നയന്‍ താരയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രഭുദേവ വെളിപ്പെടുത്തി.  എന്‍. ഡി. ടി. വിയോട് സംസാരിക്കവെയാണ് നൃത്തസംവിധായകനും നടനും സംവിധായകനുമായ പ്രഭുദേവ ആദ്യമായി വിവാഹത്തോട് പ്രതികരിച്ചത്. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സെപ്തംബര്‍ 16ന് വിവാഹം നടക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സെപ്തംബര്‍ അവസാനത്തോടെയുള്ള പ്രഭുദേവയുടെ പുതിയ ചിത്രത്തിന്റെ റിലീസിങ്ങിനു ശേഷം മാത്രമേ വിവാഹം ഉണ്ടാകൂ എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍സ്-പ്രഭു മിന്നുക്കെട്ട്. വിവാഹത്തിനായി പല ‘ത്യാഗങ്ങളും’ ദമ്പതികള്‍ ചെയ്തു കഴിഞ്ഞു. നയന്‍താര ഹിന്ദു മതം സ്വീകരിക്കുകയും തല്‍ക്കാലം അഭിനയ രംഗത്തു നിന്നു വിട്ടു നില്‍ക്കുകയും ചെയ്തിരിക്കുകയാണ്. പ്രഭുദേവയാണെങ്കില്‍ മുന്‍ ഭാര്യ റംലത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തി അവര്‍ നല്‍കിയ കേസ് നേരിട്ടു കൊണ്ടിരിക്കുകയാണ്.