തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് വേണ്ടി 33 ശതമാനം സീറ്റുകള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മഹിളാകോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഡോ. പ്രഭാ ഠാക്കൂര്‍ എംപി. മഹിളാകോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാരംഗത്തും വനിതകളുടെ നേതൃത്വം അനിവാര്യമാണ്. ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. അതേസമയം വിജയസാധ്യതയുള്ളവരായിരിക്കണം അവകാശവാദം ഉന്നയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. എന്നാല്‍ അവ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രഭാ ഠാക്കൂര്‍ കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ കേരളം ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 30,000-ത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷെ അവയിലൊന്നും ഫലപ്രദമായ അന്വേഷണം ഉണ്ടായിട്ടില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.