എഡിറ്റര്‍
എഡിറ്റര്‍
പാക് പ്രധാനമന്ത്രിയായി ഷഹബുദ്ദീനെ നിയമിക്കാന്‍ പി.പി.പി നിര്‍ദേശം
എഡിറ്റര്‍
Wednesday 20th June 2012 10:30am

ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിക്കു പ്രധാനമന്ത്രിയായി തുടരാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചതോടെ പകരക്കാരനായി പി.പി.പി മുതിര്‍ന്ന നേതാവ് മഖ്ദൂം ഷഹബുദ്ദീനെ നാമനിര്‍ദ്ദേശം ചെയ്തു. ബുധാനാഴ്ച രാവിലെ ചേര്‍ന്ന പി.പി.പി നേതാക്കളുടെ നിര്‍ണായക യോഗത്തിലാണ് ഗീലാനിക്കു പകരക്കാരനാകാന്‍ ഷഹബുദ്ദീനെ നേതൃത്വം നാമനിര്‍ദേശം ചെയ്തത്.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഇന്നുച്ചയ്ക്കുള്ള പി.പി.പി യോഗത്തിനുശേഷമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു മന്ത്രിമാരായ ചൗധരി അഹമ്മദ് മുഖ്തര്‍, ഖുര്‍ഷിദ് ഷാ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.

കോടതിയലക്ഷ്യത്തിനു 30 സെക്കന്‍ഡ് പ്രതീകാത്മക തടവുശിക്ഷ ലഭിച്ച ഗിലാനിക്ക് പ്രധാനമന്ത്രിയായും പാര്‍ലമെന്റംഗമായും തുടരാന്‍ യോഗ്യതയില്ലെന്ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രസിഡന്റ് സര്‍ദാരിയുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച്  ആരാഞ്ഞ് സ്വിസ് സര്‍ക്കാരിനു കത്തെഴുതണമെന്ന സുപ്രീംകോടതിയുടെ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാണു ഗീലാനിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുത്തത്.

പ്രോസിക്യൂഷനില്‍നിന്നു പ്രസിഡന്റിനു സംരക്ഷണമുള്ള സാഹചര്യത്തില്‍ കത്തെഴുതാനാവില്ലെന്ന ഗീലാനിയുടെ വാദം സുപ്രീംകോടതി നിരാകരിച്ചു. തുടര്‍ന്നു കോടതി പിരിയുന്നതുവരെ തടവുശിക്ഷയും നല്‍കി. ഇത് അരമിനിറ്റില്‍ ഒതുങ്ങി. അന്നത്തെസുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗീലാനിക്കു പാര്‍ലമെന്റംഗമായി തുടരാനുള്ള യോഗ്യത നഷ്ടമായിരുന്നുവെങ്കിലും സ്പീക്കര്‍ ഫെഹ്മിദാ മിര്‍സ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ വിസമ്മതിച്ചു. സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികളിന്മേലാണ് ഇന്നലെ സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ചത്.

Advertisement