കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജോര്‍ജ് പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പക്വത പാലിക്കാന്‍ ബാധ്യസ്ഥരാണ്. ജോര്‍ജ്ജ് ഉപയോഗിച്ച ഭാഷയിലും അത് അവതരിപ്പിച്ച രീതിയിലുമാണ് വിയോജിപ്പുള്ളത്. ജോര്‍ജ്ജിന്റെ പ്രസ്താവനയിലെ സാരാംശത്തോട് വിയോജിപ്പില്ല. ഇക്കാര്യം യു.ഡി.എഫില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നായിരുന്നു പി.പി തങ്കച്ചന്റെ മറുപടി.

Subscribe Us:

യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ കര്‍ശന നിര്‍ദേശങ്ങളൊന്നും നല്‍കില്ലെന്നും അതിനുമാത്രം നിയന്ത്രണം വിട്ട ഒരു സാഹചര്യമില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. ബോര്‍ഡ്‌കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നവംബര്‍ നാലിനുണ്ടാകും. അര്‍ഹതയില്‍ കവിഞ്ഞ സ്ഥാനങ്ങള്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റ് ചില പാര്‍ട്ടികളുമായാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഒരു എം.എല്‍.എ ഉള്ള പാര്‍ട്ടികള്‍ക്കും എം.എല്‍.എമാരില്ലാത്ത പാര്‍ട്ടികള്‍ക്കും മൂന്ന് സ്ഥാനങ്ങള്‍ മാത്രമെ പരമാവധി നല്‍കാനാവുകയുള്ളൂവെന്ന് തങ്കച്ചന്‍ പറഞ്ഞു.