തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സമരക്കാര്‍ക്ക് പിന്തുണ പ്രകടിപ്പിച്ച് പ്രതീകാത്മകമായി തേക്കടിയിലെ ഷട്ടര്‍ പിടിച്ചെടുത്ത യൂത്ത് കോണ്‍ഗ്രസ് സമരം ന്യായമല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ ഉപവാസ സമരം നടത്തിയതു സംബന്ധിച്ചു യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ചെയ്ത സമരത്തോട് യോജിപ്പില്ല. വളരെ വൈകാരികമായ പ്രശ്‌നമാണിത്. ഒരു ചെറിയ തീപ്പൊരി മതി ആളിക്കത്താന്‍. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അക്രമവാര്‍ത്തകള്‍ പലതും ഊഹാപോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രാര്‍ത്ഥനായജ്ഞത്തെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് മന്ത്രിമാര്‍ സമരം നടത്തിയത് ശരിയായില്ലെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി.

കൂട്ടുത്തരവാദിത്വം കാത്തു സൂക്ഷിക്കേണ്ട ബാധ്യത മന്ത്രിമാര്‍ക്കുണ്ട്. അഡ്വക്കറ്റ് ജനറല്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട്. എ.ജിക്ക് പറയാനുള്ളത് പറയട്ടെ. അതിനുശേഷം മന്ത്രിസഭ വിലയിരുത്തി തീരുമാനമെടുക്കും.

യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ എട്ടിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉപവാസം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തുന്ന ഉപവാസ സമരത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആളുകളെ അണിനിരത്തുമെന്ന് തങ്കച്ചന്‍ പറഞ്ഞു.

Malayalam News
Kerala News in English