Categories

സമവായം പൊളിഞ്ഞു; ബി ജെ പി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുകുന്ദന്‍

bjp-rwതിരുവനന്തപുരം: ബി ജെ പി പ്രസിഡണ്ട് സ്ഥാനത്തേക്ക് താന്‍ മത്സരിച്ചേക്കുമെന്ന ഭീഷണിയുമായി മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ രംഗത്ത്. വി മുരളീധരനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ആര്‍ എസ് എസ് ആശീര്‍വാദത്തോടെ നടക്കുന്ന ശ്രമങ്ങള്‍ക്ക് മുകുന്ദന്റെ നീക്കം ശക്തമായ തിരിച്ചടിയായിരിക്കയാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് സമവായമുണ്ടായെന്ന മുരളീധരന്‍ വിഭാഗത്തിന്റെ അവകാശ വാദവും ഇതോടെ പൊളിഞ്ഞു.

എന്നാല്‍ താന്‍ തന്നെ പ്രസിഡന്റാകുമെന്നും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ ആരും മത്സരിക്കില്ലെന്ന മുരളീധരന്റെ പ്രസ്താവന വിവരക്കേടാണെന്ന് മുകുന്ദന്‍ തിരിച്ചടിച്ചു. താന്‍ മത്സരിക്കണമെന്ന് അണികളുടെ ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് മകുന്ദന്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.

സമവായം ഉണ്ടായെന്ന് പറയുന്നത് ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലാണ്. ജില്ലാ പ്രസിഡന്റുമാര്‍ക്ക് വോട്ടില്ല. എന്നാല്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ്. അംഗങ്ങളെല്ലാം ഒരു വിഭാഗത്തിന്റെ കടുത്ത സമ്മര്‍ദത്തിലാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൗണ്‍സില്‍ അംഗങ്ങളുടെ ഒപ്പ് ഒരാളുടെ പേരില്‍ സ്വരൂപിക്കുന്ന സ്ഥിതിയാണുള്ളത്. ദേശീയ അധ്യക്ഷനായി നിതിന്‍ ഖഡ്്കരി വന്നത് പാര്‍ട്ടിയുടെ സാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

മുരളീധരനെ പ്രസിഡണ്ടാക്കാനുള്ള നീക്കത്തിനെതിരെ ജനറല്‍ സെക്രട്ടറിയായ എ എന്‍ രാധാകൃഷ്ണനും സി കെ പദ്മനാഭനും നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആര്‍ എസ്സ് എസ്സ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവര്‍ പിന്നാക്കം പോകുകയായിരുന്നു. നാളെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട ദിവസം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. മുകുന്ദന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെ അത് നേരിടുന്നതിനുള്ള തന്ത്രങ്ങളൊരുക്കുകയാണ് ആര്‍ എസ് എസും മുരളീധരന്‍ വിഭാഗവും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.