എഡിറ്റര്‍
എഡിറ്റര്‍
നിറങ്ങള്‍ക്കെതിരെ കല്ലെറിയുന്ന ആര്‍.എസ്.എസ്; ചുവപ്പും പച്ചയും മഞ്ഞയും ധരിച്ച് ക്ഷേത്രത്തില്‍ പോവുക തന്നെ ചെയ്യും; തലശേരി ആക്രണത്തിനെതിരെ പി.പി ദിവ്യ
എഡിറ്റര്‍
Wednesday 15th March 2017 6:22pm

 

കണ്ണൂര്‍: നിറത്തിനെതിരേ വരെ കല്ലെറിയുന്ന ആര്‍.എസ്.എസ്. അസഹിഷ്ണുതയുടെ കൊടുമുടിയിലെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.പി ദിവ്യ. ചുവപ്പ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിനെത്തിയവര്‍ക്ക് നേരെ കല്ലേറു നടത്തിയ ആര്‍.എസ്.എസ് നടപടി വ്യക്തി സ്വാതന്ത്രം ഹനിക്കലാണെന്നും ദിവ്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also read എനിക്കൊരു ഫത്‌വയെയും ഭയമില്ല; ഞാന്‍ പാടുക തന്നെ ചെയ്യും; മത പുരോഹിതരുടെ വിലക്കിനെതിരെ യുവഗായിക 


ഇന്നലെ രാത്രിയായിരുന്നു ചുവന്ന വസ്ത്രം ധരിച്ച് ഉത്സവത്തിനെത്തിയതിന്റെ പേരില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘത്തെ ആര്‍.എസ്എസുകാര്‍ കല്ലെറിഞ്ഞത്. അക്രമത്തില്‍ പരിക്കേറ്റ ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലാണ്.

ക്ഷേത്രങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ കാവി ധരിക്കണമെന്ന സന്ദേശമാണ് അക്രമത്തിലൂടെ ആര്‍.എസ്.എസ് നല്‍കുന്നതെന്നു പറഞ്ഞ ദിവ്യ അത്തരം കാര്യങ്ങളൊന്നും കേരളത്തില്‍ നടക്കില്ലെന്നും വ്യക്തമാക്കി. ചുവപ്പും പച്ചയും മഞ്ഞയും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരെല്ലാം അമ്പലങ്ങളില്‍ പോവുക തന്നെ ചെയ്യുമെന്നും ദിവ്യ പറഞ്ഞു.


Related one: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ചുവന്ന വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് ആര്‍.എസ്.എസിന്റെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനത്തില്‍ സ്ത്രീകള്‍ക്കും ഒന്നര വയസുള്ള കുഞ്ഞിനും പരുക്ക് 


‘ചുവപ്പ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ കല്ലെറിയുക എന്നത് സഞ്ചാര സ്വാതന്ത്രം ഹനിക്കലാണ്. ക്ഷേത്രത്തില്‍പ്പോലും പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ക്ഷേത്ര മുറ്റത്ത് പോകുമ്പോള്‍ കാവി ധരിക്കണം എന്ന സന്ദേശമാണ് ആര്‍.എസ്.എസ് നല്‍കുന്നത് അതൊന്നും കേരളത്തില്‍ നടക്കില്ല. ചുവപ്പിട്ടവനും പച്ചയിട്ടവനും മഞ്ഞയിട്ടവനും എല്ലാം ക്ഷേത്രങ്ങളില്‍ പോകും.’

യാതൊരു പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന പ്രദേശമായിരുന്നില്ല ഇതൊന്നും അക്രമം നടന്നതിന്റെ തലേദിവസം ക്ഷേത്രത്തില്‍ ശിവഗിരി മഠാധിപതി പങ്കെടുത്ത പരിപാടിയില്‍ താനും പങ്കെടുത്തതാണെന്നും യാതൊരു വിധ പ്രശ്‌നങ്ങളും അവിടെയുണ്ടായിരുന്നില്ലെന്നും പറഞ്ഞ ദിവ്യ എല്ലാ ജാതി-മതസ്ഥരും വരുന്ന സ്ഥലമാണിതെന്നും വ്യക്തമാക്കി.

സാമൂഹ്യ ജീവിതത്തെ വരെ കാവി വല്‍കരിക്കുക എന്ന ആര്‍.എസ്.എസ് അജന്‍ഡയുടെ ഭാഗമാണ് ഇത്തരം അക്രമണങ്ങള്‍. ചുവപ്പ് മുണ്ട് ധരിച്ച് നടക്കുന്നവനേയും ചുവപ്പ് ഷര്‍ട്ട് ധരിച്ച് നടക്കുന്നവനേയും കാണുമ്പോള്‍ പ്രാന്ത് ഇളകുന്നത് അതിന്റെ ഭാഗമായിട്ടാണെന്നും ദിവ്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Advertisement