Categories

പൊഴിയൂര്‍ റിസോര്‍ട്ടിലെ പീഡനം: അടിയന്തിര അന്വേഷണം നടത്തണമെന്ന് വി.എസ്

v.s-achuthanandan

തിരുവനന്തപുരം: പൊഴിയൂരിലെ റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിനിയായ ഐ.ടി ഉദ്യോഗസ്ഥ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

ബാംഗ്ലൂരില്‍ നിന്ന് ഔദ്യോഗിക യോഗത്തില്‍ സംബന്ധിക്കാനെത്തിയ യുവതിയാണ് റിസോര്‍ട്ടില്‍ പീഡിപ്പിക്കപ്പെട്ടത്. പിന്‍വാതിലിലൂടെ ആയാസരഹിതമായി കടക്കാവുന്ന തരത്തിലുള്ള മുറിയിലാണ് യുവതി പീഡനത്തിനിരയായത്.

റിസോര്‍ട്ടിലെ ഈ സാഹചര്യങ്ങള്‍ അറിയാവുന്നവരായിരിക്കും പ്രതികള്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നക്ഷത്ര സൗകര്യങ്ങളുള്ള റിസോര്‍ട്ടില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒട്ടുംതന്നെ ഇല്ലാത്തതാണ് ഇത്തരത്തില്‍ അക്രമികള്‍ അതിക്രമിച്ച് കടക്കാനും യുവതി പീഡിപ്പിക്കപ്പെടാനും ഇടയാക്കിയിട്ടുള്ളത്.

അതുകൊണ്ട് റിസോര്‍ട്ട് ഉടമയെ കൂടി പ്രതിചേര്‍ത്ത് കേസെടുക്കാനും അന്വേഷണം നടത്താനും പോലീസ് തയ്യാറാവണം.

സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗീകാതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്നത് തികച്ചും ആശങ്കാജനകമാണ്.

ഓരോ സംഭവം ഉണ്ടാകുമ്പോഴും അതേപ്പറ്റി മുറവിളികള്‍ ഉയര്‍ത്തുകയും താല്‍ക്കാലികമായി എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുക മാത്രമാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ശക്തമായ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നതാണ് സത്യം.

അതുകൊണ്ടാണ് അക്രമികള്‍ വീണ്ടും വീണ്ടും ഇത്തരം പീഡനങ്ങള്‍ക്ക് തുനിയുന്നത്. ഇക്കാര്യത്തില്‍ പോലീസും സര്‍ക്കാരും നിസ്സംഗത വെടിഞ്ഞ് അന്വേഷണം നടത്താനും കുറ്റവാളികള്‍ ശിക്ഷിപ്പെടുന്നുവെന്ന് ഉറപ്പാക്കാനും തയ്യാറാവണം – വി.എസ്. ആവശ്യപ്പെട്ടു.

Tagged with: