ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്‍ഡോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ശക്തമായ ഭൂചലനം . ഭൂചലനത്തെതുടര്‍ന്ന പന്ത്രണ്ട് വയസുകാരനായ ഒരു കുട്ടി കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ഒരു മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പുലര്‍ച്ചെയായതിനാല്‍ ജനങ്ങള്‍ അധികവും ഉറക്കത്തിലായിരുന്നു. ഭൂചനത്തെതുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. വീടുകളും ഇലക്ട്രിക് പോസ്റ്റുകളും നിലം പതിച്ചു.

സംഭവത്തെതുടര്‍ന്ന് ഹോട്ടലുകളില്‍ നിന്ന് താമസക്കാരെയും ആശുപത്രികളില്‍ നിന്നും രോഗികളെയും ഒഴിപ്പിച്ചിട്ടുണ്ട്. സുബ്‌സുല്‍സലാം ടൗണീിലെ മേയര്‍ മൗര സക്തിയാണ് പന്ത്രണ്ട് വയസുകാരന്‍ കൊല്ലപ്പെട്ട കാര്യം പ്രാദേശിക ടി.വി.ചാനലിലൂടെ സ്ഥിരീകരിച്ചത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പങ്ങള്‍ സാധാരണയാണ്. 2004 ഡിസംബര്‍ 26നുണ്ടായ ശക്തമായ ഭുചനത്തെതുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട സുനാമി തിരമാലകള്‍ ഈ ദ്വീപസമൂഹത്തിലെ രണ്ട് ലക്ഷത്തിലധികം മനുഷ്യരുടെ ജീവിതമാണ് കവര്‍ന്നെടുത്തത്.