തിരുവനന്തപുരം:കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ജലസേചന വകുപ്പിനുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു..50 ലധികം പമ്പിംഗ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ് 150 കോടിയോളം രൂപയുടെ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് വിച്ഛേദിച്ചത്. കുടിശ്ശിക അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് വൈദ്യുതി വകുപ്പ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

കോഴിക്കോട്, മലപ്പുറം, കാസര്‍ക്കോട് അടക്കം മിക്ക ജില്ലകളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കം, തിരുവമ്പാടി, കാരശേരി എന്നീ മലയോരപ്രദേശങ്ങളിലെ പമ്പ് ഹൗസുകളിലേക്കുള്ള ബനന്ധമാണ് വിച്ഛേദിച്ചത്. മലപ്പുറത്ത് വണ്ടൂരിലും പരപ്പനങ്ങാടിയിലും കാസര്‍ക്കോട് ജില്ലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.തിരുവനന്തപുരത്ത് കരമനയിലവും പി ടി പി നഗറിലും ജലവിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനുള്ള തുക ലഭിച്ചാല്‍ മാത്രമേ കുടിശ്ശിക അടക്കാന്‍ കഴിയൂ എന്നാണ് ജലസേചന വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യം വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കുടിശ്ശിക തീര്‍ത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പുമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു.