ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന താപനിലയങ്ങളെല്ലാം വലിയ പ്രതിസന്ധിയെ ആണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 32 താപനിലയങ്ങളിലേക്കുള്ള കല്‍ക്കരിയുടെ വരവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. നാലു ദിവസം ഉപയോഗിക്കാനുള്ള കല്‍ക്കരി മാത്രമെ ഇനി അവശേഷിക്കുന്നുള്ളൂ. അടുത്ത ദിവസങ്ങളിലെല്ലാം ഈ താപനിലയങ്ങളിലേക്കുള്ള ഊര്‍ജ്ജ ലഭ്യതക്കുള്ള സാധ്യതയും വളരെ കുറവാണ്.

സിന്‍ഗ്രൗലിയിലും വിന്ത്യചല്‍ സൂപ്പര്‍ സ്റ്റേഷനിലും ദാമോദര്‍ വാലി കോര്‍പ്പറേഷനിലുമെല്ലാം ഒരു ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമെ അവശേഷിക്കുന്നുള്ളൂ. പക്ഷേ കല്‍ക്കരി മന്ത്രാലയം പറയുന്നത് അവര്‍ താപനിലയങ്ങളിലേക്ക് ആവശ്യമുള്ള കല്‍ക്കരി അയച്ചു കഴിഞ്ഞു എന്നാണ്. ഒക്ടോബര്‍ 19ന് ലഭിച്ച വിവരം അനുസരിച്ച് ഇന്ത്യയില്‍ ഈ മാസത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഇ്‌പ്പോള്‍.

ഈ മാസത്തിന്റെ തുടക്കത്തില്‍ 32 താപ നിലയങ്ങളില്‍ ഒരു ആഴ്ചത്തേക്കുള്ള കല്‍ക്കരി പോലുമില്ലായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 51 താപനിലയങ്ങളായി ഉയര്‍ന്നിരിക്കുന്നു. ഈ 51 നിലയങ്ങള്‍ക്ക് രാജ്യത്തിനാവശ്യമായ മൂന്നില്‍ രണ്ട് ഊര്‍ജ്ജം നല്‍കാനുള്ള ശേഷിയുണ്ടായിരുന്നു.

സാധരണ ഗതിയില്‍ ഒരു താപനിലയത്തില്‍ 15 മുതല്‍ 30 ദിവസത്തേക്ക് വരെ ഉപയോഗിക്കാനുള്ള കല്‍ക്കരി ശേഖരം ഉണ്ടാകേണ്ടതാണ്. ഖനിമുഖങ്ങളില്‍ 15 ദിവസത്തേക്കെങ്കിലുമുള്ള കല്‍ക്കരി ശേഖരം സൂക്ഷിക്കേണ്ടതായിരുന്നു.