തിരുവനന്തപുരം: മൂലമറ്റത്തെ ഒരു ജനറേറ്ററിലെ തകരാറും കേന്ദ്ര വിഹിതത്തില്‍ വന്ന കുറവും മൂലം സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

Ads By Google

Subscribe Us:

കേന്ദ്ര നിലയത്തിലെ തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ ഇന്നും നിയന്ത്രണം തുടരും. താള്‍ച്ചര്‍, രാമഗുണ്ടം എന്നീ കേന്ദ്ര നിലയങ്ങളില്‍ ഉത്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്. താള്‍ച്ചറില്‍ കല്‍ക്കരി കിട്ടാത്തതും സമരവുമാണ് ഉത്പാദനം കുറയാന്‍ കാരണം.

ഇടുക്കി നിലയം ഉള്‍പ്പെടെ മൊത്തം 400 മെഗാവാട്ടിന്റെ കുറവാണ് തിങ്കളാഴ്ച വന്നത്. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് നഗരങ്ങളില്‍ കാര്യമായ നിയന്ത്രണം ഉണ്ടായിട്ടില്ല. മൂലമറ്റത്തെ തകരാര്‍ ഇന്ന് പരിഹരിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിയില്‍ ചൊവ്വാഴ്ചയും കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 മെഗാവാട്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ കുറയാനാണ് സാധ്യത.