തിരുവനന്തപുരം: ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി ബോര്‍ഡ്. കേന്ദ്രത്തിന്റെ വൈദ്യുതി വിഹിതം കുറയുകയും ജലവൈദ്യുതി ലഭ്യമല്ലാതാവുകയും ചെയ്യുന്നതോടെ നിയന്ത്രണമില്ലാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

Ads By Google

ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കാര്യമായി വര്‍ധിച്ചിട്ടില്ല. ഇടുക്കി, മൂഴിയാര്‍ പോലെ വലിയ അണക്കെട്ടുകളില്‍ വളരെ കുറച്ച് ജലം മാത്രമേയുള്ളൂ. കായംകുളത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങിയാണ് പിടിച്ചുനില്‍ക്കുന്നത്.

കേന്ദ്ര വിഹിതത്തിലും ചില കുറവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നു. 23 ദശലക്ഷം യൂണിറ്റ് വരെയാണ് കിട്ടുന്നത്. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വില കൂടിയ വൈദ്യുതി ഇപ്പോള്‍ വാങ്ങുന്നുണ്ട്. വരള്‍ച്ച രൂക്ഷമാകുന്നതോടെ ഈ വൈദ്യുതിക്ക് ക്ഷാമമുണ്ടാവുകയും വില വര്‍ധിക്കുകയും ചെയ്യും.

ഇപ്പോള്‍ വെറും 12 ദശലക്ഷം യൂണിറ്റ് വരെയാണ് വൈദ്യുതി ഉല്‍പാദനം. ഇടുക്കിയില്‍ സംഭരണശേഷിയുടെ വെറും 20 ശതമാനം വെള്ളമേയുള്ളൂ. എല്ലാ സംഭരണികളിലുമായി 27.5 ശതമാനം വെള്ളമാണുള്ളത്.

നിലവില്‍ 1020 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ സംഭരണികളില്‍ അവശേഷിക്കുന്നുള്ളൂ. ഇപ്പോഴത്തെ നിലയില്‍ കുറഞ്ഞ ഉല്‍പാദനം നടത്തിയാല്‍ പോലും മൂന്ന് മാസത്തേക്ക് മാത്രമേ ഇത് തികയുള്ളൂവെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്.