എഡിറ്റര്‍
എഡിറ്റര്‍
ലോഡ് ഷെഡ്ഡിങ് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി
എഡിറ്റര്‍
Friday 30th November 2012 2:33pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈകീട്ട് ആറു മണി മുതല്‍ രാത്രി പത്തുമണിവരെയായിരിക്കും രാത്രി വൈദ്യുതനിയന്ത്രണം.

നേരത്തേ നവംബര്‍ 30 വരെ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ അനുവദിച്ചിരുന്നത്. അതാണിപ്പോള്‍ അനിശ്ചിതകാലത്തേക്ക് തുടരാം എന്ന് നിശ്ചയിച്ചത്.

Ads By Google

6.30 മുതല്‍ 10.30 വരെയായിരുന്നു ഇതുവരെ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രാത്രി 10 മണിക്ക് ശേഷമുള്ള ലോഡ്‌ഷെഡ്ഡിംഗ് പ്രയോജനം ചെയ്യുന്നില്ലെന്ന് കാട്ടിയാണ് സമയമാറ്റം ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചത്.

വ്യവസായങ്ങള്‍ ഉള്‍പ്പെടെ   എല്ലാ ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കും, മാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും   കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു ഡിസംബര്‍ പകുതിയോടെയും തീരുമാനമെടുക്കും.

മാസം 200 യൂണീറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാരില്‍ നിന്ന് അധികമുള്ള ഓരോ യൂണീറ്റിനും 11 രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് വേണമെന്നതായിരുന്നു മറ്റൊരാവശ്യം. ഇക്കാര്യങ്ങളിലെ തീരുമാനമാണ് മാറ്റിവെച്ചത്.

രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമുള്ള ലോഡ്‌ഷെഡ്ഡിങ് മാര്‍ച്ച് വരെ തുടരുമെന്ന കാര്യം ഇതിനകം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ലോഡ് ഷെഡ്ഡിങ് അനിശ്ചിതകാലത്തേക്ക് തുടരാനുള്ള അനുമതിയാണ് വൈദ്യുതി ബോര്‍ഡിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നേരത്തേ ഉന്നയിച്ച ആവശ്യങ്ങള്‍ ബോര്‍ഡ് ആവര്‍ത്തിച്ചത്. ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍, ധനകാര്യ അംഗം എസ്. വേണുഗോപാല്‍ എന്നിവരാണ് കമ്മീഷന് അപേക്ഷ നല്‍കിയത്.

തമിഴ്‌നാട്ടില്‍ വൈദ്യുതി ക്ഷാമം ഇവിടത്തേക്കാള്‍ രൂക്ഷമായതിനാല്‍ ഇരുസംസ്ഥാനങ്ങളിലും ഫാക്ടറികളുള്ള സ്ഥാപനങ്ങള്‍ ഉത്പാദനം മുഴുവന്‍ കേരളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതും ഉപഭോഗം കൂടാന്‍ കാരണമായിട്ടുണ്ട്. ഉപഭോഗം കുറയ്ക്കാത്തവരില്‍ നിന്ന് പിഴയീടാക്കാനും കമ്മീഷന്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.

Advertisement