തിരുവനന്തപുരം: വ്രതശുദ്ധിയുടെ ധന്യതയുമായി ശാന്തിഗിരിയില്‍ മേടമാസത്തിലെ പൗര്‍ണ്ണമി ദിനം ആഘോഷിച്ചു. ശാന്തിഗിരിയില്‍ നടന്ന പൗര്‍ണമി ദിന ആഘോഷത്തില്‍ ദേശഭാഷ വ്യത്യസമില്ലാതെ നാനാജാതിമതസ്ഥര്‍ പങ്കെടുത്തു. ദിനരാത്രങ്ങളുടെ ഭേദമില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഭൂമിയില്‍ സൂര്യപ്രകാശവും അതിന്റെ പ്രതിഫലനമായ ചന്ദ്രപ്രകാശവും ലഭിക്കുന്ന സവിശേഷതയാണ് പൗര്‍ണമി ദിനാഘോഷത്തിനുളളത്.

രാവിലെ 5 ന് നടന്ന ആരാധനയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. മെയ് 6 ന് ശാന്തിഗിരിയില്‍ നടക്കുന്ന നവഒലിജ്യോതിര്‍ദിന ആഘോഷങ്ങളുടെ മുന്നോടിയായി പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. ആശ്രമത്തിലെ ഗൃഹസ്ഥാശ്രമസംഘത്തിന്റെ നേതൃത്വത്തില്‍ വൈകുന്നേരം 3ന് കുടുംബസൗഹൃദ കൂട്ടായ്മ നടന്നു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ സേവനം ചെയ്യുന്നവരുള്‍പ്പടെ ഒട്ടേറെപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചാന്ദ്രപ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ വൈകിട്ട് 7ന് ആശ്രമം സ്പിരിച്വല്‍ സോണില്‍ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കുംഭ – ദീപ പ്രദക്ഷിണം നടന്നു. ആശ്രമത്തിലെ ഗൃഹസ്ഥാശ്രമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സത്സംഗങ്ങളും വിവിധ കലാപരിപാടികളും നടന്നു.