തിരുവനവന്തപുരം: സംസ്ഥാനത്തെ കോഴിക്കച്ചവടക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്. കോഴിവില ഏകീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കടകളടച്ച് സമരം ചെയ്യാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇറച്ചിക്കോഴി വില്‍ക്കാന്‍ കഴിയില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ കര്‍ശന നിലപാടെടുത്തു. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാവില്ലെന്നും 100 രൂപയെങ്കിലും ലഭിക്കണമെന്നുമാണ് വ്യാപാരികളുടെ നിലപാട്.


Dont Miss ‘ആ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ദേശസ്‌നേഹിയുണ്ടായിരുന്നു, ഒരു ആര്‍.എസ്.എസ് കാമുകനുണ്ടായിരുന്നു’; സെന്‍കുമാറിനെ നിറുത്തി പൊരിച്ച് സോഷ്യല്‍ മീഡിയ


അതേസമയം വ്യാപാരികളുടെ നിലപാട് സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ മുന്നോട്ട് പോണമെന്നും വിലപേശലിന് സര്‍ക്കാര്‍ തയ്യാറല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ചില തത്പര കക്ഷികളുടെ താല്‍പ്പര്യമാണ് ഈ സമ്മര്‍ദ്ദത്തിന് പിന്നില്‍. കോഴിക്കടത്തുമായും വില്പനയുമായും ബന്ധപ്പെട്ട കേസുകള്‍ പ്രത്യേക താത്പര്യത്തോടെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ നിന്നും കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടു പോകാന്‍ ആവില്ലെന്നും ഫെഡറഷന്‍ വ്യക്തമാക്കി.

ജി.എസ്.ടി യില്‍ ഇറച്ചിക്കോഴി ഉള്‍പ്പെടാത്തതിനാലാണ് സര്‍ക്കാര്‍ വില കുറച്ചത്. ഇത് ഏകപക്ഷീയ തീരുമാനമാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.