കണ്ണൂര്‍: കോണ്‍ഗ്രസ് സംസ്‌കാരം ഇല്ലാത്തവരില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ പലയിടത്തും വ്യാപകമായ പോസ്റ്റര്‍. ഇന്നുരാവിലെയാണു എസ്.ബി.ഐ പരിസരം, പഴയ ബസ്സ്റ്റാന്‍ഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സജിത്‌ലാല്‍ കുടുംബസഹായ ഫണ്ട് മുക്കിയവരെ തിരിച്ചറിയുക, കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഗുണ്ടാ-മാഫിയ സംഘങ്ങളുടെ കൈകളിലേക്ക് എത്തിക്കരുത് എന്നീ വാചകങ്ങളും പോസ്റ്ററിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍.

കണ്ണൂരിലെ ഗ്രൂപ്പ് വഴക്കിന്റെ പുതിയ രൂപമാണ് പോസ്റ്ററുകളുടെ രൂപത്തില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. രക്തസാക്ഷി ഫണ്ട് മുക്കിയെന്ന സുധാകരനെതിരായ ആരോപണത്തില്‍ ഊന്നിയാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍.

കെ.സുധാകരന്‍ എം.പിയ്‌ക്കെതിരെ ഒരു സ്വകാര്യചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ഡി.സി.സി പ്രസിഡന്റ് രാമകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഗ്രൂപ്പ് വഴക്ക് രൂക്ഷമാക്കിയത്. കെ. സുധാകരന്‍ ഡി.സി.സി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രക്തസാക്ഷില്‍ ഫണ്ടില്‍ നിന്നും സുധാകരന്‍ തിരിമറി നടത്തിയെന്നും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാമകൃഷ്ണനെ തടഞ്ഞുവെക്കുകയും കെ.പി.സി.സി ഇരുവരോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.