Categories

കണ്ണൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ച് പോസ്റ്റര്‍

കണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വളപട്ടണം സംഭവവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് പ്രതികരണവേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

Ads By Google

അനീതിക്കെതിരെ പോരാടി കോണ്‍ഗ്രസിന്റെ മാനം കാത്ത ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കണ്ണൂരിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് പോസ്റ്ററിലെ വാചകം.

ആഭ്യന്തരമന്ത്രിക്കെതിരായി കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പേരില്‍ നേരത്തെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്ററിലെ ഭീഷണി. ആഭ്യന്തരം കാണിച്ച് കെ. സുധാകരനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും തിരുവഞ്ചൂര്‍ ബിനാമി മന്ത്രിയാണെന്നും പോസ്റ്ററില്‍ പറയുന്നു.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തിരുവഞ്ചൂരും സുധാകരനും പരസ്പരം കൊമ്പുകോര്‍ക്കാനിടയാക്കിയത്.

പോലീസ് സ്‌റ്റേഷനിലെത്തിയ സുധാകരന്‍ എസ്.ഐയ്ക്ക് നേരെ ശകാരവര്‍ഷം ചൊരിയുകയും എസ്.ഐയെ ഭീഷണപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പോലീസിനെ ഭീഷണിപ്പെടുത്തി കാര്യം നേടുന്ന കാലം കഴിഞ്ഞെന്നും അങ്ങനെ ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്തായിരുന്നു കണ്ണൂരില്‍ പോസ്റ്റര്‍ പതിച്ചത്.

എന്നാല്‍ ഇതിനു മറുപടിയായാണ് കോണ്‍ഗ്രസ് പ്രതികരണ വേദിയുടെ പേരില്‍ നഗരത്തില്‍ പുതിയ പോസ്റ്റര്‍ പതിച്ചത്.