എഡിറ്റര്‍
എഡിറ്റര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍
എഡിറ്റര്‍
Saturday 3rd November 2012 9:09am

കണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. കെ.സുധാകരന്‍ എം.പിയുമായി ഉണ്ടായ വാക്‌പോരിനെ തുടര്‍ന്നാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

Ads By Google

കണ്ണൂരിലെ തളിപ്പറമ്പിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചത്. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററിലെ ഭീഷണി. ആഭ്യന്തരം കാണിച്ച് കെ. സുധാകരനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും തിരുവഞ്ചൂര്‍ ബിനാമി മന്ത്രിയാണെന്നും പോസ്റ്ററില്‍ പറയുന്നു.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തിരുവഞ്ചൂരും സുധാകരനും പരസ്പരം കൊമ്പുകോര്‍ക്കാനിടയാക്കിയത്.

പോലീസ് സ്റ്റേഷനിലെത്തിയ സുധാകരന്‍ എസ്.ഐയ്ക്ക് നേരെ ശകാരവര്‍ഷം ചൊരിയുകയും എസ്.ഐയെ ഭീഷണപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പോലീസിനെ ഭീഷണിപ്പെടുത്തി കാര്യം നേടുന്ന കാലം കഴിഞ്ഞെന്നും അങ്ങനെ ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

കോടിയേരി പോലീസും തിരുവഞ്ചൂര്‍ പോലീസും കണ്ണൂരിലെ യു.ഡി.എഫുകാര്‍ക്ക് ഒരുപോലെയാണെന്ന് പറയേണ്ടിവരുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നിട്ടുകൂടി കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നുണ്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Advertisement