എഡിറ്റര്‍
എഡിറ്റര്‍
“കളിക്കണ്ട സുധാകരാ കളി പഠിപ്പിക്കും”; കോഴിക്കോട് പോസ്റ്റര്‍
എഡിറ്റര്‍
Tuesday 6th November 2012 11:36am

കോഴിക്കോട്: വളപ്പട്ടണം സംഭവത്തെ തുടര്‍ന്നുണ്ടായ സുധാകരന്‍-തിരുവഞ്ചൂര്‍ പോസ്റ്റര്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂരിനെ അനുകൂലിച്ച് കോഴിക്കോടും പോസ്റ്റര്‍. കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിലാണ് തിരുവഞ്ചൂര്‍ അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

‘പൂഴിമാഫിയയെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ കയറി ആഭാസം കാണിക്കലാണോ എം.പിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും തൊഴില്‍’. എന്നാണ് പോസ്റ്ററില്‍ ഉള്ളത്. തിരുവഞ്ചൂരിന്റെ പോലീസിനെ അപമാനിക്കുന്ന സുധാകരന്റെ ലക്ഷ്യം രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും പിന്നെ എന്താണെന്ന് ചിന്തിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. “കളിക്കണ്ട സുധാകരാ കളി പഠിപ്പിക്കും” തുടങ്ങിയ പ്രകോപനപരമായ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്.

Ads By Google

തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് കണ്ണൂരില്‍ തിരുവഞ്ചൂരിനെതിരെയും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആഭ്യന്തരം കാണിച്ച് കെ. സുധാകരനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും തിരുവഞ്ചൂര്‍ ബിനാമി മന്ത്രിയാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

അതേസമയം, വളപ്പട്ടണം സംഭവത്തില്‍ എസ്.ഐക്കെതിരെ ഐ.ജി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരെ ഇറക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷിനോടും എസ്.ഐ മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും മര്‍ദ്ദിച്ചതായി പറയുന്നില്ല.

പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ കെ. സുധാകരന്‍ എം.പിയുമായുണ്ടായ പ്രശ്‌നം വിവാദമാകാതെ നോക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ പെരുമാറ്റത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ല.

അതേസമയം, സുധാകരന്‍ പറഞ്ഞ വാക്കുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു സംഭവം. അനധികൃത മണ്ണ് കടത്തിലിനെ തുടര്‍ന്ന് രണ്ട് പേരെ വളപ്പട്ടണം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.പി രാജേഷും പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.സുധാകരന്‍ എം.പി പോലീസ് സ്‌റ്റേഷനിലെത്തി എസ്.ഐക്കെതിരെ അസഭ്യ വര്‍ഷവും നടത്തിയിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും കോണ്‍ഗ്രസിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയും ചെയ്തു.

പോലീസ് സ്‌റ്റേഷനില്‍ കയറി ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

നിയമപാലകരായ പോലീസിന് നേരെ അക്രമം നടത്തുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ലെന്നും അന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു. ആ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

Advertisement