കണ്ണൂര്‍: കണ്ണൂരില്‍ കെ. സുധാകരന്‍ എം.പിക്കെതിരെ പോസ്റ്ററുകള്‍. സുധാകരന്‍ എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ്‌ബോര്‍‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് സുധാകരനെ കളിയാക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കെ.സുധാകരന്റെ കാരിക്കേച്ചര്‍ അടങ്ങുന്ന പോസ്റ്ററുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റുമാരെ തിരിച്ചറിയുക എന്ന അടിക്കുറിപ്പും കാരിക്കേച്ചറിലുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സംബന്ധിച്ച് രണ്ട് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe Us:

അതിനിടെ കണ്ണൂരില്‍ കെ. സുധാകരന്‍ എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് പോലീസ്  അസോസിയേഷന്റെ ആറ് നേതാക്കള്‍ക്കെതിരെയുണ്ടായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണ്‍ ആണ് ഈ മാസം 27ന് അസോസിയേഷന്‍ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത്. പോലീസുകാരെ തിരിച്ചെടുത്തതോടെ ഈ വിവാദത്തിന് താല്‍ക്കാലിക വിരാമമായിരുന്നു. എന്നാല്‍ സുധാകരനെ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്ററുകള്‍ പ്രശ്‌നം വീണ്ടും വഷളാക്കാനാണ് സാധ്യത.

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. എം മനോജ്, സെക്രട്ടറി കെ. ജെ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് മനോജ്കുമാര്‍, എക്‌സിക്യുട്ടീവ് അംഗം കൃഷ്ണന്‍, മുന്‍ ജില്ലാ സെക്രട്ടറി ജോസഫ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരുന്നത്. പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ കണ്ണൂര്‍ ഡി.ഐ.ജി.എസ് ശ്രീജിത്തിന് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കണ്ണൂരില്‍ എം.പി. കെ. സുധാകരന് അഭിവാദ്യമര്‍പ്പിച്ച് അസോസിയേഷന്‍ നേതാക്കള്‍ വെച്ച ഫ്‌ളക്‌സ്‌ബോര്‍ഡ് എസ്.പി ഇടപെട്ട് മാറ്റിയത് ആദ്യം എസ്.പിയും കെ.സുധാകരനും തമ്മിലും പിന്നീട് കോണ്‍ഗ്രസിലെ വിശാല ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുമുള്ള പോരിന് കാരണമായിരുന്നു. ബോര്‍ഡ് വിവാദത്തിന്റെ ചുവടുപിടിച്ച് കണ്ണൂരില്‍ ഇരുവിഭാഗങ്ങളുടെ ശക്തി പ്രകടനങ്ങള്‍ വിവിധയിടങ്ങളില്‍ നടന്നുവരികയാണ്.

Malayalam News
Kerala News in English