Categories

ആസാദിനെ കൊന്നത് അടുത്ത് നിന്ന് വെടിയുതിര്‍ത്ത്: റിപ്പോര്‍ട്ട്

ഹൈദരാബാദ്: സമുന്നത മാവോവാദി നേതാവ് ചെറുകുറി രാജ്കുമാര്‍ എന്ന ആസാദിനെ തലയ്ക്കടുത്തുനിന്നു വെടിവച്ചുകൊന്നതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് ആന്ധ്രാപ്രദേശിലെ ആദിലാബാദ് ജില്ലയിലെ വനപ്രദേശത്ത് വച്ച് ഏറ്റുമുട്ടലില്‍ വധിച്ചു വെന്നാണ് പോലിസ് ഭാഷ്യം.

ഔട്ട്‌ലുക്ക് മാഗസിനാണ് ആസാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വിട്ടത്. രാത്രി 11മുതല്‍ 11.30 വരെ നീണ്ട ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പോലിസ് റിപ്പോര്‍ട്ടിന് നേരെ വിപരീതമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഏകദേശം ഒരടി അകലത്തില്‍ നിന്നാണ് ആസാദിനു നേരെ നിറയൊഴിച്ചതെന്നാണ് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാവോവാദി നേതാവും മാവോവാദികളുടെ ദേശീയ വക്താവുമായ ആസാദിനെ കൊല്ലപ്പെടുന്നതിനു ഒരു ദിവസം മുമ്പ് നാഗപൂരില്‍ നിന്ന് പിടിച്ച് ഹെലികോപ്ടര്‍ വഴി ആദിലാബാദില്‍ എത്തിക്കുകയായിരുന്നുവെന്നും മാവോവാദികള്‍ അന്ന് ആരോപിച്ചിരുന്നു. ആസാദിന്റെ കൂടെ ഹേമചന്ദ്ര പാണ്ഡെയെന്നയാളെയും പോലിസ് കൊലപ്പെടുത്തിയിരുന്നു.

മെയ് മാസത്തില്‍ സ്വാമി അഗ്‌നിവേശിന്റെ മധ്യസ്ഥതയില്‍ മാവോവാദികളുമായി സാമാധാന ചര്‍ച്ചക്ക തായ്യാറാണെന്നു ചിദംബരം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് അയച്ച കത്തിന് തന്റെ പാര്‍ട്ടി വെടിനിര്‍ത്തലിന് സന്നദ്ധമാണെന്നു കാണിച്ചുകൊണ്ട് ആസാദ് മറുപടിയും നല്‍കിയിരുന്നു.

ജൂലൈയില്‍ മൂന്നു ദിവസങ്ങള്‍ വെടിനിര്‍ത്തലിന് അനുയോജ്യമാണെന്നു കാണിച്ച് ചിദംബരത്തിന്റെ സന്ദേശം സ്വാമി അഗ്നിവേശ് വീണ്ടും ആസാദിന് കൈമാറിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആറുമാസത്തിനകം മാവോവാദികളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു ചിദംബരത്തിന്റെ ഉറപ്പ്. മരിക്കുന്ന സമയത്ത് സ്വാമി അഗ്നിവേശിന്റെ കത്തും ആസാദിന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു കത്ത് മൃതദേഹത്തില്‍ നിന്നും കണ്ടെടുത്തിട്ടില്ലെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. പോലിസിന്റെ ഇന്‍ക്വസ്റ്റിലും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലും വൈരുദ്ധ്യങ്ങളുണ്ടെന്നും ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആസാദിന്റെ ജീവനെടുത്ത ബുള്ളറ്റ് അടുത്തു നിന്നും ഏറ്റതിനാല്‍ മുറിവിനു ചുറ്റും പൊള്ളിയ കറുത്ത പാടുണ്ട്. ബുള്ളറ്റ് അടുത്തു നിന്ന് ഏല്‍ക്കുമ്പോഴാണ് ശരീരം പൊള്ളിയാണ് തൊലി കറത്തു പോകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലയ്ക്ക് മുകളില്‍ നിന്നാണ് ആസാദിനെ വെടിവച്ചിരിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ 20 -25 മാവോവാദികളുമായി കുന്നിന്‍ മുകളില്‍ നിന്നും വെടിവയ്ക്കുകയായിരുന്നുവെന്നും അതിനെതിരേ പോലിസ് തിരിച്ചു പ്രതികരിക്കുകയായിരുന്നുവെന്നുമാണ് എഫ് ഐ ആറിലുള്ളത്. കുന്നിന്‍മുകളിലായിരുന്നെങ്കില്‍ ഇത്ര അടുത്തു നിന്നും ആസാദിനു വെടിയേല്‍ക്കില്ലായിരുന്നു.

എന്നാല്‍ വ്യാജ ഏറ്റുമുട്ടലില്‍ ആസാദിനെ കൊലപ്പെട്ടുത്തിയതെന്ന് ആരോപണം ആന്ധ്രാ പോലിസ് തള്ളിക്കളഞ്ഞു. ദൂരെ നിന്നും വെടിയേറ്റാലും പൊള്ളിയ പാടുണ്ടാവുമെന്ന് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മനുഷ്യാവകാശ സംഘടനകള്‍ സംഭവത്തില്‍ ജൂഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പോലിസിനെതിരേ എഫ് ഐ ആര്‍ ഫയല്‍ചെയണമെന്നും കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.