poscoന്യൂദല്‍ഹി: നിര്‍ദ്ദിഷ്ട പോസ്‌കോ സ്റ്റീല്‍ പ്ലാന്റിന് വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് അന്തിമ അനുമതി നല്‍കി. പരിസ്ഥിത പ്രശ്‌നം പദ്ധതിയെ ബാധിക്കില്ലെന്ന് പ്രഖ്യാപിക്കുക വഴി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയും ദക്ഷിണകൊറിയന്‍ സ്റ്റീല്‍ ഉല്പാദകര്‍ക്ക് 12 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കുവാനും ഇത് സഹായകരമാകും.

വര്‍ഷത്തില്‍ 4മില്യണ്‍ മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള പ്ലാന്റിന് പരിസ്ഥിതി മന്ത്രാലയം ജനുവരി 31ന് തന്നെ അനുമതി നല്‍കിയിരുന്നു. അന്തിമ അനുമതി കൂടി ലഭിച്ചതോടുകൂടി വന പ്രദേശം വെട്ടിമാറ്റി ഫാക്ടറിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ കമ്പനിക്ക് അധികാരം ലഭിക്കും. വര്‍ഷത്തില്‍ 12 മില്യണ്‍ മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള സ്റ്റീല്‍ പ്ലാന്റാണ് പോസ്‌കോ ഇവിടെ നിര്‍മ്മാക്കാനുദ്ദേശിക്കുന്നത്.

പ്ലാന്റ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ദിന്‍കിയ, ഗോബിന്റ്പുര്‍ ജില്ലകളിലെ വനഭൂമി നശിപ്പിക്കപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്ലാന്റിന് അനുമതി നല്‍കുന്നതിനെക്കുറിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് ആശങ്കകളുണ്ടായിരുന്നു.

ഒറീസയിലെ ധിനിക ഗോവിന്ദ്പൂര്‍ എന്നീ ആദിവാസിക മേഖലകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് പോസ്‌കോ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ കമ്പനി സ്ഥാപിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിയിരുന്നു.

ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ഗ്രാമങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും. ഈ മേഖലയില്‍ താമസിക്കുന്ന 30000 ആദിവാസികള്‍ക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടപ്പെടും. പുതിയ പ്ലാന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം 2005ലാണ് കമ്പനി ഒറീസ സര്‍ക്കാരുമായി ഒപ്പിട്ടത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇരുമ്പ് അയിര് ഖനനം ചെയ്യുന്നതിനുള്ള അനുമതിയും ഒറീസാ സര്‍ക്കാര്‍ ഈ കരാറിലൂടെ പോസ്‌കോയ്ക്ക് നല്‍കിയിരുന്നു. 600 ദശലക്ഷം ടണ്‍ ഇരുമ്പ് അയിര് കുഴിച്ചെടുക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ കരാര്‍ അസാധുവായി.

പ്ലാന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആകെ 4004 ഏക്കര്‍ ഭൂമിയാണ് ആവശ്യം. കരാര്‍ പ്രകാരം 3566 ഏക്കര്‍ സര്‍ക്കാര്‍ വന ഭൂമിയാണ്. ബാക്കിയുള്ള 438 ഏക്കര്‍ ഭൂമി സ്ഥലവാസികളായ ആദിവാസി കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കാനാണ് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടക്കത്തില്‍ പ്ലാന്റ് തുടങ്ങുന്നതിനെതിരായ നിലപാട് സ്വീകരിച്ചെങ്കിലും യു.പി .എ സര്‍ക്കാര്‍ ഒറീസാ സര്‍ക്കാരിനെപോലെ പോസ്‌കോയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കൊറിയന്‍ പ്രസിഡന്റ് ലീ യുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ തലേ ദിവസം പോസ്‌കോയ്ക്ക് പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി.