ഭുവനേശ്വര്‍: നിര്‍ദ്ദിഷ്ട പോസ്‌കോ പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തടഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള തങ്ങളുടെ ഡിമാന്റുകള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല.

പുനരധിവസിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന സംഘത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ ബാലിസാഹിയ്ക്കടുത്തുള്ള റോഡ് ജനങ്ങള്‍ ഉപരോധിച്ചെന്ന് കുജാംങ് തഹസില്‍ദാര്‍ ബാസുദേവ് പ്രൊധാന്‍ പറഞ്ഞു. ന്വാഗൗണ്‍, ദിന്‍കിയ പഞ്ചായത്തുകളിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ബാലിസാഹി ജംങ്ഷന്‍. ഇതിനടുത്താണ് 52,000കോടിരൂപയുടെ പോസ്‌കോ പദ്ധതി പ്രദേശം.

ജനങ്ങള്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് സായുധസേനയ്ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇവര്‍ ഇപ്പോള്‍ ബാലിസാഹിയില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള മഹാബിര്‍പീതായില്‍ തങ്ങിയിരിക്കുകയാണ്.