ന്യൂദല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച പോസ്‌കോ സ്റ്റീല്‍ പ്ലാന്റ് പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. കര്‍ശന ഉപാധികളോടെയാണ് പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

പ്ലാന്റ് നിര്‍മ്മാണത്തിനായി ചിലവഴിക്കുന്ന തുകയുടെ 5 ശതമാനം സാമൂഹ്യസേവന പദ്ധതികള്‍ക്കായി ഉപയോഗിക്കണം എന്നതാണ് സുപ്രധാനമായ വ്യവസ്ഥ. കൂടാതെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പുനരധിവാസത്തിനായും നിശ്ചിത തുക മാറ്റിവയ്ക്കണമെന്നും പോസ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടുത്ത പാരിസ്ഥിതിക പ്രത്യാഘാതകങ്ങള്‍ക്ക് ഇടയാക്കുമെന്നാരോപിച്ച് പോസ്‌കോ പ്ലാന്റിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ വനം പരിസ്ഥി മന്ത്രാലയം നിരവധി സമിതികളെ ചുമതലപ്പെടുത്തിയിരുന്നു. എന്‍ സി സക്‌സേന കമ്മറ്റി, മീണ ഗുപ്ത കമ്മറ്റി എന്നിവ പോസ്‌കോയ്ക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.