ന്യൂദല്‍ഹി: ഏറെനാള്‍ നീണ്ട തടസങ്ങള്‍ക്കൊടുവില്‍ ഒറീസയില്‍ പോസ്‌കോയുടെ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നത് 18ന് പുനരാരംഭിക്കും. 54,000 കോടിരൂപയുടെ സ്റ്റീല്‍ പ്ലാന്റാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് ആറിനായിരുന്നു ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ നിര്‍ദ്ദിഷ്ട പദ്ധതിക്ക് കഴിഞ്ഞയാഴ്ച്ച പരിസ്ഥിതിമന്ത്രാലയം അന്തിമാനുമതി നല്‍കുകയായിരുന്നു. പദ്ധതിക്കായി 1253 ഏക്കറോളം വരുന്ന വനഭൂമിയാണ് ഏറ്റെടുക്കുക. 18 മുതല്‍ ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും ഒറീസ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രിയബ്രത പട്‌നായിക് പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധങ്ങളൊന്നും ഉണ്ടാകില്ലെന്ന് ചെയര്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രദേശവാസികളെല്ലാം പദ്ധതിക്ക് അനുകൂലമാണെന്നും സ്വകാര്യഭൂമിയൊന്നും ഏറ്റെടുക്കുന്നില്ലെന്നും പട്‌നായിക് വ്യക്തമാക്കി.

പദ്ധതിയും പ്രതിഷേധവും
വര്‍ഷത്തില്‍ 4മില്യണ്‍ മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള പ്ലാന്റിന് പരിസ്ഥിതി മന്ത്രാലയം ജനുവരി 31ന് തന്നെ അനുമതി നല്‍കിയിരുന്നു. അന്തിമ അനുമതി കൂടി ലഭിച്ചതോടുകൂടി വന പ്രദേശം വെട്ടിമാറ്റി ഫാക്ടറിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ കമ്പനിക്ക് അധികാരം ലഭിക്കും. വര്‍ഷത്തില്‍ 12 മില്യണ്‍ മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള സ്റ്റീല്‍ പ്ലാന്റാണ് പോസ്‌കോ ഇവിടെ നിര്‍മ്മാക്കാനുദ്ദേശിക്കുന്നത്.

പ്ലാന്റ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ദിന്‍കിയ, ഗോബിന്റ്പുര്‍ ജില്ലകളിലെ വനഭൂമി നശിപ്പിക്കപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്ലാന്റിന് അനുമതി നല്‍കുന്നതിനെക്കുറിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് ആശങ്കകളുണ്ടായിരുന്നു.

ഒറീസയിലെ ധിനിക ഗോവിന്ദ്പൂര്‍ എന്നീ ആദിവാസിക മേഖലകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് പോസ്‌കോ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ കമ്പനി സ്ഥാപിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിയിരുന്നു.