ന്യൂ­ദല്‍­ഹി: പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമാക്കി മാറ്റാമെന്ന ലക്ഷ്യമാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളതെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനായി പണംകൊടുത്ത് മുസ്‌ലിം ചെറുപ്പക്കാരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇരുപതുകൊല്ലം കഴിയുമ്പോള്‍ കേരളം കേരളം ഒരു മുസ്‌ലിം രാഷ്ട്രമാകും. പണംകൊടുത്ത് ചെറുപ്പക്കാരെ സംഘടിപ്പിക്കുക, മുസ് ലിം യുവതികളെ കല്യാണം കഴിക്കുക എന്നിവയെല്ലാം ഈ ലക്ഷ്യത്തിന്റെ ഭാഗമായുള്ളതാണ്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ ഇത് നിരപരാധികളെ തീവ്രവാദികളാക്കി മാറ്റുമെന്ന പ്രചരണം തെറ്റാണ്’ വി എസ് അഭിപ്രായപ്പെട്ടു.

ഫ്രീഡം പരേഡ് എന്നപേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനമാണ് നടക്കുന്നത്. ഈ പ്രകടനത്തില്‍ മറ്റാളുകളൊന്നും സഹകരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡ് കൂടുതല്‍പേരെ തീവ്രവാദികളാക്കുമെന്ന് പ്രചരിപ്പിക്കുന്നവര്‍ പ്രതിലോമശക്തികളെ പിന്തുണക്കുകയാണ്. അങ്ങേയറ്റം വലിയ കുഴപ്പങ്ങളാണ് ഇവര്‍ കാണിക്കുന്നത്. അധ്യാപകന്റെ കൈവെട്ടിയവരെക്കുറിച്ച് പറയാന്‍ ഇത്തരക്കാര്‍ തയ്യാറാകുന്നില്ലെന്നും വി എസ് ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാഷ്ട്രീയപാര്‍ട്ടിയാകാനുള്ള ശ്രമത്തില്‍ എന്‍ ഡി എഫ് എന്ന പേരിലായിരുന്നു തുടക്കം. ചെറുപ്പക്കാരായ ആളുകള്‍ക്ക് പണവും പരിശീലനവും നല്‍കി എതിരാളികളെ കൊല്ലിക്കാനാണ് ഇവരുടെ ശ്രമമെന്ന് വി എസ് അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് ഇപ്പോള്‍ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടുവരികയാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
പൊതുനിരത്തില്‍ പോതുയോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച റിവ്യൂഹര്‍ജി പരിഗണിക്കവേ കോടതി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും വി എസ് പറഞ്ഞു.