കൊച്ചി: പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ ആളെ പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘത്തിന്റെ വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് പറവൂര്‍ വാന്നിയക്കാട് കളരിപ്പറമ്പ് കെ.എന്‍ നാസറിനാണ് ഇരു കൈകാലുകള്‍ക്കും വെട്ടേറ്റത്. ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നാസറിനെ മൂന്നര മണിക്കൂറോളം നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ നാസര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Ads By Google

പോപ്പുലര്‍ ഫ്രണ്ടിന് വാന്നിയക്കാട്  പള്ളിക്കമ്മിറ്റിയുടെ ഭരണം നഷ്ടമായതിലുള്ള പകപോക്കലായാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനരീതിക്കെതിരേ നാസര്‍ പ്രചാരണം നടത്തുകയും പള്ളി ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഇതേച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെ 6.20നാണ് നാസറിനെതിരെ ആക്രമണമുണ്ടായത്. വാന്നിയക്കാട് പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് നാസര്‍ ആക്രമിക്കപ്പെട്ടത്.

പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി സാഹിറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. നാസറിന്റെ ബന്ധുക്കള്‍കൂടിയായ അയൂബ്, അഷ്‌റഫ് എന്നിവര്‍ ആദ്യമെത്തി നാസറിനെ മാറ്റിനിര്‍ത്തി സംസാരിക്കുകയും തുടര്‍ന്ന് മറ്റുള്ള പ്രതികള്‍ ബൈക്കിലെത്തി വെട്ടുകയുമായിരുന്നു. ഇരുമ്പുവടികള്‍ ഉപയോഗിച്ച് കൈകാലുകളില്‍ അടിക്കുകയും വടിവാള്‍കൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നാസറിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുറിവുകള്‍ തുന്നിക്കെട്ടിയത്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് കൈകാലുകള്‍ തകര്‍ന്ന നിലയിലായിരുന്നു.

കൈകളുടെയും കാലുകളുടെയും മുട്ടിന് താഴെഭാഗത്താണ് കൂടുതലും പരിക്കുകളുള്ളത്. സഹീറിനെയും അയൂബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ ഒളിവിലാണ്.

നാസറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ നടത്തിവരികയാണ്.