മലപ്പുറം: മംഗലം ഗ്രാമപ്പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദപ്രകടനത്തിന് ശേഷം രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.

വാഹനത്തില്‍ വന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോട്ടില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ വെട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തില്‍ സി.പി.ഐ.എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ കൂട്ടായി വാടിക്കല്‍ എ.കെ. അബ്ദുല്‍മജീദ് (55), ഈസ്പ്പാടത്ത് അര്‍ഷദ് (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

മംഗലം പുറത്തൂര്‍ റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

മംഗലം ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുവികസന മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പടിഞ്ഞാറെക്കരയില്‍ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന ഇരുവരേയും വെട്ടിപ്പിരിക്കേല്‍പ്പിച്ചത്.

ഹര്‍ഷാദാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ തടഞ്ഞ് ഇരുവരേയും പുറത്തേക്ക് വലിച്ചിട്ട് വാള്‍കൊണ്ട് കൈക്കും കാലിനും വെട്ടുകയായിരുന്നു. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ തന്നെ പുറത്ത് വന്നിട്ടുണ്ട്.

ഇരുമ്പുവടി കൊണ്ട് നെഞ്ചില്‍ അടിക്കുന്നതിന്റേയും കാല്‍മുട്ട് തല്ലിയൊടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വ്യക്തമാണ്. സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ വീണ്ടും ആക്രമിക്കുന്നതും കാണാം.

കൂട്ടായി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മംഗലം പഞ്ചായത്ത് ഓഫീസിലാണ് നടന്നത്.

സി.പി.ഐ.എം നേതൃത്വംനല്‍കുന്ന വികസനസഖ്യം മൂന്ന് സീറ്റുകളിലും വിജയിച്ചിരുന്നു. തുടര്‍ന്ന് ഒമ്പത് മണിയോടെ മംഗലത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

ആഹ്ലാദപ്രകടനം കടന്നു പോകുന്നതിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.