ബെര്‍ലിന്‍: കത്തോലിക്കാ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ സഭ വിട്ടു പോകരുതെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ജന്മനാട്ടില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് കത്തോലിക്കാ വിശ്വാസികളോട് ഇങ്ങിനെ അഭ്യര്‍ത്ഥിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കു നഷ്ടപരിഹാരം തേടി 600 അപേക്ഷകള്‍ സഭയ്ക്കു ലഭിച്ചിട്ടുണ്ട്. സഭയാകുന്ന വലയില്‍ നല്ലതും ചീത്തയുമായ മീന്‍ കുടുങ്ങിയിട്ടുണ്ടെന്നും ചീത്ത മീനിനെ കണ്ട് സഭ വിട്ടു പോകരുതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

സഭയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് സര്‍വകാല റെക്കോര്‍ഡിലായ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം മാത്രം 1,81,000 കത്തോലിക്കാ വിശ്വാസികള്‍ ജര്‍മനിയില്‍ സഭ വിട്ടിരുന്നു.

നേരത്തെ വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മളമായ വരവേല്‍പു ലഭിച്ചു. ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയന്‍ വൂള്‍ഫ്, ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തുടങ്ങിയവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ, വിശ്വാസികളുടെ സ്വകാര്യ ജീവിതത്തിലെ പാളിച്ചകളോട് സഭ കരുണ കാട്ടണമെന്നു പ്രസിഡന്റ് ക്രിസ്റ്റിയന്‍ വൂള്‍ഫ് ആവശ്യപ്പെട്ടിരുന്നു.